ആരോഗ്യമേഖലയിലെ മഹാമേളക്ക് ഇന്ന് തുടക്കം
text_fieldsഅറബ് ഹെൽത്ത് മേള (ഫയൽ ചിത്രം)
ദുബൈ: ആരോഗ്യമേഖലയിൽ മിഡിലീസ്റ്റിലെ ഏറ്റവും വലിയ മേളയായ അറബ് ഹെൽത്തിന് തിങ്കളാഴ്ച തുടക്കം. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മേള ഫെബ്രുവരി രണ്ടിന് സമാപിക്കും. ആരോഗ്യ മേഖലയിലെ നൂതന ഉപകരണങ്ങളുടെ പ്രദർശനവും കോൺഫറൻസുകളും നടക്കും. 45 രാജ്യങ്ങളുടെ പവിലിയൻ ഉണ്ടാകും.
ന്യൂസിലൻഡ്, സിംഗപ്പൂർ, തുനീഷ്യ, ഇന്തോനേഷ്യ, എസ്തോണിയ എന്നിവ ഇക്കുറി ആദ്യമായി അറബ് ഹെൽത്തിന്റെ ഭാഗമാകും. 3,000 എക്സിബിറ്റർമാരും 51,000 ഹെൽത്ത് കെയർ പ്രഫഷനലുകളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. യു.എ.ഇയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളും ആസ്റ്റർ ഉൾപ്പെടെയുള്ള ആരോഗ്യകേന്ദ്രങ്ങളും പങ്കെടുക്കുന്നുണ്ട്. ‘ആരോഗ്യസംരക്ഷണത്തിലെ നവീകരണവും സുസ്ഥിരതയും’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ അറബ് ഹെൽത്ത്.
ഇന്റലിജന്റ് ഹെൽത്ത് അസോസിയേഷന്റെ പങ്കാളിത്തത്തോടെ ഇന്റലിജന്റ് ഹെൽത്ത് പവിലിയൻ ഉൾപ്പെടെ പുതിയ കാഴ്ചകൾ ഇക്കുറി പ്രദർശനത്തിനുണ്ടാകും. തത്സമയ ഡിജിറ്റൽ ഇന്റൻസിവ് കെയർ യൂനിറ്റ്, ഇന്റലിജന്റ് ഓപറേറ്റിങ് റൂം, നൂതന എമർജൻസി റൂം എന്നിവ ഉൾപ്പെടെ നിരവധി പുതിയ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കും. ഒമ്പതു കോൺഫറൻസുകളിലായി 300ലേറെ പ്രഭാഷകരും 3200 പ്രതിനിധികളും പങ്കെടുക്കും. ഇന്റേണൽ മെഡിസിൻ, പീഡിയാട്രിക്സ്, അനസ്തേഷ്യ, പെയിൻ മാനേജ്മെന്റ് എന്നിവയാണ് ഈവർഷം കോൺഫറൻസുകളിൽ കൂട്ടിച്ചേർത്ത പുതിയ വിഭാഗങ്ങൾ. യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം, ദുബൈ സർക്കാർ, ദുബൈ ഹെൽത്ത് അതോറിറ്റി, ആരോഗ്യ വകുപ്പ്, ദുബൈ ഹെൽത്ത് കെയർ സിറ്റി അതോറിറ്റി, എമിറേറ്റ്സ് ഹെൽത്ത് സർവിസസ് എന്നിവയുൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പരിപാടി. സന്ദർശകർ www.arabhealthonline.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. പ്രവേശനം സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

