രുചിയുടെ ആഗോള സംഗമത്തിന് നാളെ തുടക്കം
text_fieldsദുബൈ: രുചിയുടെ ആഗോള സംഗമത്തിന് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ കലവറയൊരുങ്ങി. ലോകത്താകമാനമുള്ള രുചിഭേദങ്ങളുടെ സംഗമ വേദിയായ 'ഗൾഫുഡിന്' ഞായറാഴ്ച തുടക്കം. ഈ മാസം 17 വരെ വേൾഡ് ട്രേഡ് സെന്‍ററിലെ 21 ഹാളുകളിലായാണ് മേള നടക്കുന്നത്. 120 രാജ്യങ്ങളിലെ 4000ത്തോളം സ്ഥാപനങ്ങൾ പ്രദർശനവുമായെത്തും. 150ഓളം വിദഗ്ധർ നയിക്കുന്ന കോൺഫറൻസുകളും നടക്കും. 50 റസ്റ്റാറൻറുകളിലെ 70 ഷെഫുമാരുടെ നേതൃത്വത്തിൽ ആയിരത്തോളം ആകർഷകമായ ഡിഷുകൾ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത ഷെഫുമാരായ അന്‍റോണിയോ ബാച്ചർ, ആന്‍റണി ദിമിത്രി, ടോം എയ്കെൻസ്, നിക്ക് ആൽവിസ്, ഇമാറാത്തി ഷെഫ് ഖാലിദ് അൽ സാദി, ഫൈസൽ നാസർ തുടങ്ങിയവർ എത്തും. പുതിയ സ്വാദുകൾ പിറവിയെടുക്കുന്ന മേള കൂടിയാണ് ഗൾഫുഡ്. കോടിക്കണക്കിന് രൂപയുടെ വ്യാപാര ഇടപാടുകൾക്കാണ് ഓരോ ഗൾഫുഡും സാക്ഷ്യം വഹിക്കുന്നത്.
പുതിയ ഡീലുകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരും പുതിയ ഉൽപന്നം ലോകത്തിന് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുമെല്ലാം ഗൾഫുഡിലെത്തും. അഞ്ച് ദിവസങ്ങളിലായി ലക്ഷം പേരെങ്കിലും ഗൾഫുഡ് സന്ദർശിക്കുമെന്നാണ് പ്രതീക്ഷ. സെലിബ്രിറ്റി ഷെഫുകളും ഗൾഫുഡിനെത്തും. മത്സരങ്ങളും സമ്മാനങ്ങളും ഓഫറുകളും ലഭിക്കുന്നതിനുപുറമെ പുതിയ സ്വാദുകൾ സൗജന്യമായി രുചിച്ചറിയാനുള്ള വേദി കൂടിയാണിത്. ഹോട്ടൽ മേഖലകളിലെ പുതിയ ട്രെൻഡുകൾ പരിചയപ്പെടുത്താൻ ഷെഫുമാരുണ്ടാവും. ഭക്ഷ്യ ലോകത്തെ പുതുമാനങ്ങൾ ചർച്ച ചെയ്യാൻ ശിൽപശാലകൾ അരങ്ങേറും. പ്രവേശന പാസ് ഗൾഫുഡിന്‍റെ വെബ്സൈറ്റ് വഴി ലഭിക്കും. ബാഡ്ജുകൾ പ്രിന്റെടുത്ത ശേഷം വേണം എത്താൻ. എക്സിബിറ്റർമാരുമായി കൂടിക്കാഴ്ചകൾ മുൻകൂട്ടി നിശ്ചയിക്കുന്നത് നല്ലതായിരിക്കും. ഇതിനുള്ള സൗകര്യം വെബ്സൈറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

