‘ദി ഫ്യൂച്ചർ നൈറ്റ്’ കോഴ്‌സ് സംഘടിപ്പിച്ചു
text_fields‘ദി ഫ്യൂച്ചർ നൈറ്റ്’ കോഴ്‌സിൽനിന്ന്
ദുബൈ: വിദ്യാർഥികളിൽ കുതിരസവാരി വൈദഗ്ധ്യം വളർത്തുന്നതോടൊപ്പം അവരുടെ ദേശീയ, സാംസ്കാരിക, സാമൂഹിക, അവബോധം വർധിപ്പിക്കുകയും ലക്ഷ്യമിട്ട് ‘ദി ഫ്യൂച്ചർ നൈറ്റ്’ കോഴ്‌സുമായി ദുബൈ പൊലീസ്. വേനൽക്കാല പ്രോഗ്രാമിലും ‘സേഫ്റ്റി അംബാസഡേഴ്സ്’ സംരംഭത്തിലും പങ്കാളികളാകുന്ന വിദ്യാർഥികൾക്കായി ദുബൈ പൊലീസിലെ മൗണ്ടഡ് പൊലീസ് സ്റ്റേഷൻ, ജനറൽ ഡിപാർട്മെന്റ് ഓഫ് ആന്റി-നാർക്കോട്ടിക്സിന്റെ കീഴിലുള്ള ഹെമായ ഇന്റർനാഷനൽ സെന്ററുമായി സഹകരിച്ചാണ് കോഴ്സ് നടത്തുന്നത്.
അൽ അവീറിലെ മൗണ്ടഡ് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മൗണ്ടഡ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ലെഫ്. കേണൽ ദാഹി അൽ ജല്ലാഫ്, ഡെപ്യൂട്ടി മേജർ ഹമദ് അൽ ശംസി, നിരവധി പോലീസുദ്യോഗസ്ഥർ, കുതിരപരിപാലന വിദഗ്ധർ എന്നിവർക്കൊപ്പം 114 വിദ്യാർഥികളും പങ്കെടുത്തു. പരിചയസമ്പന്നരായ വിദഗ്ധരിൽ നിന്നാണ് വിദ്യാർഥികൾ പരിശീലനം നേടുന്നതെന്ന് അൽ ജല്ലാഫ് പറഞ്ഞു. കോഴ്‌സ് പൂർത്തിയാകുമ്പോൾ കുതിരകളെക്കുറിച്ചുള്ള സമഗ്രമായ അറിവും വിവരങ്ങളും അവർ കൈവരിക്കും.
കുതിര വളർത്തലിലെയും പരിപാലനത്തിലെയും രീതികൾ പഠിക്കുന്നത് പ്രാദേശിക സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. കുതിരപരിപാലനം, അതിനായുള്ള ഉപകരണങ്ങൾ, രോഗങ്ങൾ, കുതിരയിനങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനത്തിന് പുറമെ, കുതിരലാടം ഉറപ്പിക്കുന്നതിലും മാറ്റുന്നതിലുമുള്ള പ്രായോഗിക പരിശീലനവും കോഴ്‌സിന്റെ സവിശേഷതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

