ഹജ്ജ് തീർഥാടകരുടെ ഒഴുക്ക്
text_fieldsമക്ക ഹറമിൽ സജ്ജീകരിച്ച സ്മാർട്ട് സെൻസർ സംവിധാനം
മക്ക: ഹജ്ജ് വേളയിൽ മിനയുൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും ജനക്കൂട്ടത്തെ വ്യവസ്ഥാപിതമായി മാനേജ് ചെയ്യുന്നതിനുമായി ‘നുസ്ക്’ കാർഡുമായി ബന്ധിപ്പിച്ച സ്മാർട്ട് സെൻസർ സംവിധാനം സൗദി ഹജ്ജ്-ഉംറ മന്ത്രാലയം നടപ്പാക്കുന്നു. ഇതാദ്യമായാണ് അത്യാധുനിക സെൻസർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹജ്ജ് വേളയിൽ തീർഥാടകരുടെ നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്.
നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സെൻസറുകൾ തീർഥാടകരുടെ ഒഴുക്ക് സംബന്ധിച്ച തത്സമയ വിവരങ്ങൾ ലഭ്യമാക്കും. ഇത് ജനത്തിരക്ക് കൃത്യമായി വിലയിരുത്താനും അതനുസരിച്ച് ഓൺ-സൈറ്റിൽ ആവശ്യമായ തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളാനും ഉദ്യോഗസ്ഥരെ സഹായിക്കും. തിരക്ക് നിയന്ത്രിക്കുന്നതിലൂടെ സുരക്ഷ വർധിപ്പിക്കാനും ഹജ്ജ് സീസൺ കൂടുതൽ സുഗമമാക്കാനും ഇതുവഴി സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തീർഥാടകരുടെ ഏകീകൃത പെർമിറ്റ് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചിട്ടുള്ള നിയന്ത്രണ ഉപകരണമാണ് നുസ്ക് കാർഡ്. ഇതിെൻറ പേപ്പർ, ഡിജിറ്റൽ പതിപ്പുകൾ ഇലക്ട്രോണിക് ചാനലുകൾ വഴി ആവശ്യമായ വിവരങ്ങളിലേക്കും സേവനങ്ങളിലേക്കും വേഗത്തിൽ പ്രവേശനം നൽകുന്നു. ഹറമിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കുമുള്ള പ്രവേശനം ക്രമീകരിക്കുന്നതിനൊപ്പം തീർഥാടകരുടെ വിവരങ്ങൾ പരിശോധിക്കുന്നതിലുള്ള കൃത്യതയും വേഗതയും വർധിപ്പിക്കാൻ ഈ ഡിജിറ്റൽ സംവിധാനം സഹായിക്കും.
തീർഥാടകർക്ക് താമസസ്ഥലങ്ങൾക്കും യാത്രാ സംവിധാനങ്ങൾക്കുമിടയിലുള്ള ചലനം സുഗമമാക്കാൻ ഈ സംവിധാനം വലിയ പങ്കുവഹിക്കും. വഴിതെറ്റുന്ന കേസുകൾ കുറയ്ക്കാനും ക്യാമ്പുകളിലേക്കും വാഹനങ്ങളിലേക്കുമുള്ള പ്രവേശനം കൂടുതൽ കാര്യക്ഷമമാക്കാനും ഇതുവഴി സാധിക്കും. വിവിധ സേവന ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. മക്ക, മസ്ജിദുൽ ഹറം, പുണ്യസ്ഥലങ്ങൾ, മസ്ജിദുന്നബവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിന് നുസ്ക് കാർഡ് നിർബന്ധമാണ്. തീർഥാടകർ തങ്ങളുടെ കാർഡുകൾ കൈവശം വെക്കുകയും അവ ആക്റ്റീവ് ആണെന്ന് ഉറപ്പുവരുത്തുകയും വേണം. തിരിച്ചറിയൽ പരിശോധനകൾ വേഗത്തിലാക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കാർഡ് കൃത്യമായി ഉപയോഗിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

