ഐടെക്സിന് കൊടിയുയരുന്നു
text_fieldsവിദ്യാഭ്യാസത്തിന് മുഖ്യപ്രാധാന്യം നൽകുന്ന യു.എ.ഇയിലെ പ്രമുഖ വിദ്യാഭ്യാസ പ്രദർശനമായ ഐടെക്സ് വീണ്ടുമെത്തുന്നു. അജ്മാന് ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ 'ഐടെക്സ് 2022' മാര്‍ച്ച് ഒന്നിന് ആരംഭിക്കും.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ മേല്‍നോട്ടത്തില്‍ അജ്മാന് ചേമ്പര്‍ ഓഫ് കൊമേഴ്സ് നടത്തുന്ന ഒമ്പതാമത് പ്രദര്‍ശനം മൂന്ന് ദിവസം നീണ്ടു നില്ക്കും. അജ്മാന് ജറഫിലെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ഗള്‍ഫ് കൂടാതെ നിരവധി രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഏറ്റവും പുതിയ വിദ്യാഭ്യാസ സംവിധാനങ്ങൾ, അച്ചടക്കം, നൂതനമായ പരിപാടികൾ, ആധുനിക വിദ്യാഭ്യാസ സംബന്ധിയായ ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് അന്താരാഷ്ട്രതല ചര്‍ച്ചകള്‍ക്കുള്ള വേദിയായി പ്രദര്‍ശനം മാറും. രാജ്യത്തിനകത്തും പുറത്തുമായി നിരവധി കൂട്ടായ്മകളും സ്ഥാപനങ്ങളും എക്സിബിഷനിൽ പങ്കെടുക്കും. 25 ലേറെ പ്രമുഖ സർവ്വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കും. ഏറ്റവും പ്രമുഖവും സമീപകാലവുമായ വ്യതിരക്തവുമായ അക്കാദമിക്, പരിശീലന പരിപാടികളും പ്രദർനത്തില്‍ അരങ്ങേറും. വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നിരവധി സെമിനാറുകള്‍ ഭാഗമായി സംഘടിപ്പിക്കും.
എഴായിരത്തോളം പേര് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷ. വരും തലമുറയുടെ പുരോഗതി ലക്ഷ്യമിട്ട് നിരവധി പുതിയ പദ്ധതികള്‍ അവതരിപ്പിക്കും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലുവരെയായിരിക്കും സന്ദര്‍ശന സമയം.
വിദ്യാര്‍ഥികളേയും വിദ്യാഭ്യാസ വിദഗ്ദരേയും പരസ്പരം ബന്ധിപ്പിക്കുക, വിദ്യാര്‍ഥികള്‍ക്ക് ബഹു മുഖങ്ങളായ വിദ്യാഭ്യാസ മേഖലയെ പരിചയപ്പെടുത്തുക, രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും രക്ഷിതാക്കളെയും പരസ്പരം ബന്ധപ്പെടുത്തുക, വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും മികച്ച സേവനം നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്കനുസരിച്ച് മേഖലകള്‍ കണ്ടെത്താന്‍ സൗകര്യമുണ്ടായിരിക്കും.
വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍ തുടങ്ങി വിവിധ തുറകളിലുള്ളവരെ പങ്കെടുപ്പിച്ച് വര്‍ക്ക് ഷോപ്പുകളും അരങ്ങേറും.

