അജ്മാനിൽ ആദ്യ സംയോജിത ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ തുറന്നു;വടക്കൻ എമിറേറ്റുകളിലെ ആദ്യ സംവിധാനം
text_fieldsഅജ്മാനിൽ തുറന്ന സംയോജിത ഇലക്ട്രിക് വാഹന
ചാർജിങ് സ്റ്റേഷൻ
അജ്മാന്‍: എമിറേറ്റിലെ ആദ്യത്തെ സംയോജിത ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. അജ്മാൻ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമിയാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. യു.എ.ഇയിലെ ആദ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന(ഇ.വി) ചാർജിങ് ശൃംഖലയായ യു.എ.ഇ.വിയുടെ ഏറ്റവും പുതിയ പദ്ധതിയാണിത്. വടക്കൻ എമിറേറ്റുകളിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനവുമാണിത്. അത്യാധുനിക സാങ്കേതികവിദ്യയും ഒരേസമയം 20 വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ശേഷിയും ഈ കേന്ദ്രത്തിനുണ്ട്. 400 കിലോവാട്ട് ശേഷിയുള്ള മേഖലയിലെ ഏറ്റവും വേഗതയേറിയ അൾട്രാ-ഫാസ്റ്റ് ചാർജറും ഈ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ഇലക്ട്രിക് വാഹന ചാർജിങ് സിസ്റ്റത്തിന്റെ കാര്യക്ഷമതയും പ്രകടനവും വർധിപ്പിക്കും. ഇലക്ട്രിക് വാഹന ചാർജിങ് സംവിധാനം വികസിപ്പിക്കുന്നതിനും യു.എ.ഇയുടെ സുസ്ഥിര ഗതാഗതത്തിലേക്കുള്ള മാറ്റം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ചുവടുവെപ്പാണിതെന്ന് ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി വ്യക്തമാക്കി. സുസ്ഥിര ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള എമിറേറ്റിന്റെ ശ്രമങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

