അജ്മാന്‍ അൽ മുറബ്ബ കലാമേളയുടെ ആദ്യ പതിപ്പിന് ഇന്ന് തുടക്കം
text_fieldsഅജ്മാൻ: അജ്മാൻ വിനോദസഞ്ചാര വകുപ്പിെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അൽ മുറബ്ബ ആർട്‌സ് ഫെസ്റ്റിവലിെൻറ ആദ്യ പതിപ്പ് ഇന്ന് ആരംഭിക്കും. വിവിധ കലാരൂപങ്ങള്‍, സർഗാത്മക രൂപകൽപനകൾ, യുവ പ്രതിഭകൾ എന്നിവരെ ഉയർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. നാളയെ വിഭാവനം ചെയ്യാന്‍ ഇന്നലെയില്‍ നിന്ന് പ്രചോദനം കൊള്ളുക എന്ന തലക്കെട്ടിലാണ് മേള. അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി.
ജീവിതവും കാലാതീതമായ ഓർമകളും കൊണ്ട് അറിയപ്പെടുന്ന വിനോദകേന്ദ്രമായും ചരിത്രപരമായ ദീപസ്തംഭമായും കണക്കാക്കപ്പെടുന്ന അജ്മാൻ മ്യൂസിയത്തിന് ചുറ്റുമുള്ള പൈതൃക നഗരിയോടനുബന്ധിച്ചാണ് മേള. വ്യതിരിക്തമായ കലാസൃഷ്ടികളും പ്രദർശനങ്ങളും കൊണ്ട് അൽ മുറബ്ബ കലാമേള അജ്മാനിലെ സംഭവമായി മാറുമെന്നാണ് കണക്കാക്കപ്പെടുന്നു. നവംബർ ആറ് വരെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന കലാനുഭവം ഒരുക്കുകയാണ് ഈ ഫെസ്റ്റിവല്‍.
സാംസ്കാരികവും കലാപരവുമായ പരിപാടികൾ, വ്യതിരിക്തമായ കലാസൃഷ്ടികളുടെ പ്രദർശനങ്ങള്‍ എന്നിവ പത്തുദിവസം നീണ്ടു നില്‍ക്കുന്ന മേളക്ക് അലങ്കാരമാകും. ശിൽപശാലകൾ, സംഗീത കച്ചേരികൾ, വിനോദ പരിപാടികൾ എന്നിവയ്‌ക്ക് പുറമെ 170-ലധികം കലാകാരന്മാരുടെ അമൂല്യ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കുന്ന വേദി സവിശേഷമായ അനുഭവം പ്രദാനം ചെയ്യുമെന്ന് അജ്മാൻ വിനോദ സഞ്ചാര വികസന വകുപ്പ് ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഗെസിരി പറഞ്ഞു.