സ്കൂളുകളിൽ ഇന്ന് ഫസ്റ്റ് ബെൽ മുഴങ്ങും
text_fieldsഷാർജ ഇന്ത്യൻ സ്കൂൾ
അബൂദബി: മൂന്നാഴ്ച നീളുന്ന അവധിക്കുശേഷം യു.എ.ഇയിലെ ഇന്ത്യൻ സ്കൂളുകളിൽ തിങ്കളാഴ്ച പുതിയ അധ്യയന വർഷത്തിന് തുടക്കമാവും. അബൂദബി, ദുബൈ, ഷാർജ എമിറേറ്റിലെ സ്കൂളുകളാണ് തിങ്കളാഴ്ച തുറക്കുക. റാസൽഖൈമ, ഫുജൈറ, ഉമ്മുൽഖുവൈൻ, അജ്മാൻ സ്കൂളുകൾ ഇന്ന് തുറക്കുമെങ്കിലും ഏപ്രിൽ 14 മുതലാണ് ക്ലാസുകൾ ആരംഭിക്കുക.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ സ്കൂളുകൾ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കും. മാർച്ചിലെ വാർഷിക പരീക്ഷക്ക് ശേഷമാണ് കുട്ടികൾ പുതിയ ക്ലാസുകളിലേക്ക് പ്രവേശനത്തിനൊരുങ്ങുന്നത്. എന്നാൽ, പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾ ജൂണിൽ വാർഷിക പരീക്ഷ നടത്തി സെപ്റ്റംബറിലായിരിക്കും പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുക.
ഗൾഫിൽ മധ്യവേനലവധി ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായതിനാലാണ് നാട്ടിൽനിന്നും വിത്യസ്തമായി ഏപ്രിലിൽതന്നെ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ മാറിയ പാഠപുസ്തകങ്ങൾ ഇതുവരെ എത്തിയിട്ടില്ലെന്നാണ് സ്കൂളുകൾ നൽകുന്ന വിവരം. നാട്ടിലെ സ്കൂളുകളിൽ പത്താം ക്ലാസ് പാഠപുസ്തകങ്ങൾ എത്തിയെങ്കിൽ ഗൾഫിൽ ഇതുവരെ ലഭ്യമായിട്ടില്ല.
പത്താം ക്ലാസിലെ പുസ്തകത്തിന്റെ പി.ഡി.എഫ് ലഭ്യമാക്കി പഠനം തുടരാനാണ് സ്കൂളുകളുടെ തീരുമാനം. എന്നാൽ, മറ്റ് ക്ലാസുകളിലെ മാറിയ പാഠപുസ്തകങ്ങൾ എങ്ങനെ ലഭ്യമാവുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒമ്പതാം ക്ലാസിലെ പാഠപുസ്തകം ഗൾഫിലെ സ്കൂളുകളിൽ ഡിസംബർ അവസാന വാരമാണ് എത്തിയത്. ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഗൾഫിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് നേരത്തേതന്നെ പുസ്തകം ലഭ്യമാക്കണമെന്ന് യു.എ.ഇയിലെ വിവിധ സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. തിരക്ക് നിയന്ത്രിക്കുന്നതിന്റെയും ക്ലാസുകൾ ക്രമീകരിക്കുന്നതിന്റെയും ഭാഗമായി കെ.ജി ക്ലാസുകളിലെ പ്രവേശനോത്സവം വിവിധ സ്കൂളുകളിൽ വ്യത്യസ്ത തീയതികളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. നവാഗതരെ സ്വീകരിക്കുന്നതിനുള്ള തയാറെടുപ്പുകൾ സ്കൂളുകളിൽ ആരംഭിച്ചിട്ടുണ്ട്.
സുരക്ഷ മുന്നറിയിപ്പുമായി അധികൃതർ
ഇന്ന് സ്കൂളുകള്‍ തുറക്കാനിരിക്കെ വാഹനം ഓടിക്കുന്നവര്‍ക്ക് സുരക്ഷ മുന്നറിയിപ്പ് നല്കി അധികൃതര്‍. റോഡ് നിയമം കര്‍ശനമായി പാലിക്കണമെന്നും സ്കൂളിലേക്ക് പോവുന്ന കുട്ടികള്‍ക്കും സ്കൂള്‍ ബസുകള്‍ക്കും മുന്‍ഗണന നല്‍കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. സ്കൂള്‍ ബസുകളിലെ സ്റ്റോപ് ബോര്‍ഡ് കണ്ടാല്‍, പിറകെ വരുന്ന വാഹനങ്ങള്‍ മാത്രമല്ല എതിരെ വരുന്ന വാഹനങ്ങളും നിര്‍ത്തണം.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍, സ്റ്റോപ് ബോര്‍ഡുകള്‍ പ്രദർശിപ്പിച്ച് റോഡരികില്‍ നിര്‍ത്തിയിടുന്ന സ്കൂള്‍ ബസുകളെ മറികടന്നുപോവുന്നത് ശിക്ഷാര്‍ഹമാണെന്ന് ഓർമിപ്പിച്ചു. വിദ്യാര്‍ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി സ്കൂള്‍ ബസ് നിര്‍ത്തിയിടുകയും സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ ഇത് അവഗണിക്കുന്ന ഇതര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 10 ബ്ലാക്ക് പോയന്റും ചുമത്തുമെന്ന് അബൂദബി പൊലീസ് അറിയിച്ചു.
സ്കൂള്‍ ബസുകളിലെ സിഗ്നല്‍ ലംഘിക്കുന്നത് കാമറകളിലൂടെ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു. നിര്‍ദിഷ്ട മേഖലകളിലല്ലാതെ വാഹനം നിര്‍ത്തി കുട്ടികളെ ഇറക്കരുതെന്നും വാഹനം നിര്‍ത്തി കുട്ടികള്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ബസ് ഡ്രൈവര്‍മാര്‍ ഫല്ഷര് ലൈറ്റുകള്‍ ഉപയോഗിക്കണമെന്നും കേന്ദ്രം അറിയിച്ചു.
സ്കൂള്‍ ബസ് ദിവസവും പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കേണ്ടതിന്റെ ഉത്തരവാദിത്തം ബസ് ഡ്രൈവര്‍മാര്‍ക്കാണ്, കുട്ടികളെ ഇറക്കാനും കയറ്റാനും വാഹനം നിര്‍ത്തുമ്പോള്‍ ബസില്‍ സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിക്കണം, ഇത് പ്രദര്‍ശിപ്പിച്ചാല്‍ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബസില്‍നിന്ന് അഞ്ചുമീറ്റര്‍ അകലെയായി നിര്‍ത്തിയിടണം, കുട്ടികള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം സൂപ്പര്വൈസറുടേത് കൂടിയാണ്.
ബസില്‍ എപ്പോഴും ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിച്ചിരിക്കണം, 11 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ രക്ഷിതാവ് സ്റ്റോപ്പില്‍ ഉണ്ടെന്ന് ബസ് സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പുവരുത്തണം, ബസ് യാത്രയില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത സൂപ്പര്‍വൈസര്‍ കുട്ടികളെ ബോധ്യപ്പെടുത്തണം, കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി കൃത്യമായ ഇടവേളകളില്‍ സ്കൂള്‍ അധികൃതര്‍ ബസ് അണുവിമുക്തമാക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.