അൽ വുസ്ത കന്നുകാലി ഫാമിൽ ആദ്യ ബാച്ച് ആടുകൾ എത്തി
text_fieldsഅൽ വുസ്ത ഫാമിലെത്തിച്ച ആദ്യ ബാച്ച് ആട്ടിൻകൂട്ടം
ഷാർജ: എമിറേറ്റിലെ അൽ വുസ്ത കന്നുകാലി ഫാമിൽ ആടുവളർത്തൽ വികസിപ്പിക്കുന്നതിനായി ആദ്യ ബാച്ച് ആടുകളെ എത്തിച്ചു. സൈപ്രസിൽനിന്നാണ് അന്താരാഷ്ട്രനിലവാരമുള്ള 370 മുന്തിയ ഇനം ആടുകളെ ഷാർജ വിമാനത്താവളം വഴി വുസ്ത ഫാമിലെത്തിച്ചത്. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശമനുസരിച്ചാണ് ആടുകളെ ഫാമിലെത്തിക്കുന്നത്.
ഷാർജ സുസ്ഥിര ഭക്ഷ്യ സുരക്ഷ സംവിധാനത്തിന്റെ ഭാഗമായി ഷാർജ കാർഷിക, കന്നുകാലി ഉൽപാദന വകുപ്പിന് (ഇക്തിഫ) കീഴിൽ പ്രവർത്തിക്കുന്നതാണ് അൽ വുസ്ത കന്നുകാലി ഫാം.
എമിറേറ്റിലെ ആടുകളുടെയും ചെമ്മരിയാടുകളുടെയും പ്രാദേശിക ഇനങ്ങളെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും സംഘടിപ്പിക്കുക, ഈ മേഖലയിൽ വൈദഗ്ധ്യമുള്ള വിദ്യാർഥികളെ പരിശീലിപ്പിക്കുക, ജൈവ ഗുണമുള്ള ഇറച്ചി, ഡെയറി ഉൽപന്നങ്ങൾ എന്നിവ ഉത്പാദിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഷാർജ ഭരണാധികാരിയുടെ മേൽനോട്ടത്തിൽ അൽ വുസ്ത കന്നുകാലി ഫാം പ്രവർത്തിക്കുന്നതെന്ന് ഇക്തിഫ ചെയർമാൻ ഡോ. എൻജീനിയർ ഖലീഫ മുസബ അൽ തുനൈജി പറഞ്ഞു.
ഉയർന്ന അളവിൽ ഇരട്ടകുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനും ജൈവ ഗുണമുള്ള ഇറച്ചി നൽകുന്നതുമായ ബ്രീഡുകളെയാണ് പ്രജനനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
കൂടാതെ യു.എ.ഇയിലെ കാലാവസ്ഥ, പരിസ്ഥിതി സാഹചര്യങ്ങളുമായി ഇണങ്ങുന്നതുമാണ് ഈ ബ്രീഡുകൾ.
ഇവയെ ഉപയോഗിച്ച് മെഡിക്കൽ, ഗവേഷണരംഗത്തെ വിദഗ്ധരായ വെറ്ററിനറി ഉദ്യോഗസ്ഥരുടെയും സാങ്കേതിക വിദഗ്ധരുടെയും നേതൃത്വത്തിൽ പ്രാദേശിക ഇനം ആടുകളുടെ വികസനവും ഗവേഷണവും നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

