ഫിൻടെക് മേഖല ശക്തമായ വളർച്ചയിൽ
text_fieldsദുബൈ: സാമ്പത്തിക സാങ്കേതികവിദ്യ(ഫിൻടെക്)യുടെ മേഖലയിൽ ആഗോള കേന്ദ്രങ്ങളിലൊന്നായി യു.എ.ഇ ശക്തമായ വളർച്ച കൈവരിക്കുകയാണെന്ന് പുതിയ റിപ്പോർട്ട്.
നൂതന ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, സൗകര്യപ്രദമായ നിയന്ത്രണ സംവിധാനങ്ങൾ, ആഗോള നിക്ഷേപങ്ങളുടെ ഒഴുക്ക് എന്നിവയുടെ പിന്തുണയോടെ രാജ്യത്തെ ഫിൻടെക് രംഗം വേഗത്തിൽ വളരുകയാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഡിജിറ്റൽ പേയ്മെന്റുകൾ, ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ, എംബെഡഡ് ഫിനാൻസ്, ഡിജിറ്റൽ ആസ്തികൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ നവീനമായ സംവിധാനങ്ങൾ വികസിപ്പിക്കുന്ന പ്രധാന കേന്ദ്രമായി യു.എ.ഇ മാറിയിരിക്കുകയാണ്. അടുത്ത വർഷങ്ങളിൽ ഈ മേഖലയിൽ വളർച്ച കൂടുതൽ വേഗത്തിലാകുമെന്നാണ് പ്രതീക്ഷയെന്നും ‘വാം’ റിപ്പോർട്ടിൽ പറയുന്നു.
ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററും അബൂദബി ഗ്ലോബൽ മാർക്കറ്റും ‘ഫിൻടെക്’ മേഖലയിലെ പ്രധാന ഹബുകളായി മാറിയിട്ടുണ്ട്. ഇവിടങ്ങളിൽ സാമ്പത്തിക സാങ്കേതികവിദ്യ, നിർമ്മിതബുദ്ധി, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട നൂറുകണക്കിന് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.
അടുത്ത ഘട്ടത്തിൽ ഡിജിറ്റൽ പേയ്മെന്റുകൾ, കാഷ്‌ലെസ് സാമ്പത്തിക സംവിധാനം, ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ, എംബെഡഡ് ഫിനാൻസ്, ഡിജിറ്റൽ ആസ്തികൾ, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യകൾ എന്നിവയുടെ ഉപയോഗം വേഗത്തിൽ വർധിക്കുമെന്ന് ഫിൻടെക് മേഖലയിലെ വിദഗ്ധർ പറയുന്നു. ഡാറ്റ വിശകലനം, റിസ്‌ക് മാനേജ്മെന്റ്, വ്യക്തിഗത സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ നിർമ്മിതബുദ്ധിയുടെ ഉപയോഗവും കൂടുതൽ വ്യാപകമാകും.
റിപ്പോർട്ട് പ്രകാരം 2024ൽ 316ശതകോടി ഡോളറായിരുന്ന യു.എ.ഇ ഫിൻടെക് വിപണി 2029ഓടെ 571ശതകോടി ഡോളറായി വളരുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കളിൽ ഫിൻടെക് സേവനങ്ങളുടെ വ്യാപകമായ ഉപയോഗം, നിക്ഷേപകരുടെ വിശ്വാസം, സർക്കാർ-സ്വകാര്യ മേഖലകളുടെ സഹകരണം എന്നിവയാണ് ഈ വളർച്ചക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

