അൽഉലയിൽ ‘വിൻറർ അറ്റ് തന്തോറ’ അഞ്ചാം സീസൺ ആരംഭിച്ചു
text_fieldsഅൽഉലയിൽ ആരംഭിച്ച ‘വിൻറർ അറ്റ് തന്തോറ’ അഞ്ചാം സീസൺ ആഘോഷക്കാഴ്ച
തബൂക്ക്: ‘വിൻറർ അറ്റ് തന്തോറ’ ശൈത്യകാല ഉത്സവം അഞ്ചാം സീസൺ അൽഉലയിൽ ആരംഭിച്ചു. സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ പൗരാണിക നഗരാവശിഷ്ടങ്ങളുൾക്കൊള്ളുന്ന വിനോദ സഞ്ചാരകേന്ദ്രമാണ് അൽഉല. ജനുവരി 10 വരെ നീണ്ടുനിൽക്കുന്ന ഉത്സവം പ്രദേശത്തിന്റെ നാഗരിക, സാംസ്കാരിക, ചരിത്ര പൈതൃകം എന്നിവയുടെ ആഘോഷമാണ്.
പഴയ പട്ടണ രാവുകൾ, തന്തോറ ബാൽക്കണികൾ, അൽമാൻഷിയ കാർണിവൽ, പഴയ നഗര ചുവർചിത്രകലയുടെ ടൂർ, കരകൗശല വാർഷികാഘോഷം, പാചക അനുഭവങ്ങൾ, കലാ-സംഗീത പ്രകടനങ്ങൾ എന്നിവയാണ് ആഘോഷത്തിലുടനീളം അരങ്ങേറുന്ന സാംസ്കാരിക, കലാ, പൈതൃക പരിപാടികൾ. അൽഉലയുടെ ആധികാരികതയും സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഒരു അന്തരീക്ഷത്തിലാണ് ഇതെല്ലാം നടക്കുന്നത്.
പഴയ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ സൂര്യഘടികാരമാണ് തന്തോറ. അതിൽനിന്നാണ് ശൈത്യകാല ഉത്സവത്തിന് ഈ പേര് ലഭിച്ചത്. അൽഉലയിലെ ജനങ്ങൾ പണ്ട് സമയം അറിയുന്നതിനും കാർഷിക സീസണുകൾ ക്രമീകരിക്കുന്നതിനും ഈ ഘടികാരത്തെയാണ് ആശ്രയിച്ചിരുന്നത്. ശൈത്യകാലത്തിന്റെ വരവിന്റെയും കാർഷിക സീസണിന്റെ തുടക്കത്തിന്റെയും ആഘോഷത്തെ ഇത് ഉൾക്കൊള്ളുന്നു.
സാംസ്കാരിക ടൂറിസം വികസിപ്പിക്കുന്നതിനും സൗദിയുടെ ചരിത്രപരവും പൈതൃകപരവുമായ സ്ഥലങ്ങൾ ഉയർത്തിക്കാട്ടുന്നതിനുമുള്ള ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സാംസ്കാരികവും ടൂറിസവുമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സന്ദർശക അനുഭവം സമ്പന്നമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള അൽഉല മൊമൻറ്സ് കലണ്ടറിന്റെ ഭാഗമാണ് തന്തോറയിലെ ശൈത്യകാല ഉത്സവം.
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്. എല്ലാ വർഷവും രാജ്യത്തിനകത്തും പുറത്തുംനിന്ന് നിരവധി സന്ദർശകരെ ഇത് ആകർഷിക്കുന്നു.
ഒരു വാർഷിക പരിപാടി എന്നതിലുപരി സൗദിയുടെ സമ്പന്നമായ ഭൂതകാലവും ശോഭനമായ വർത്തമാനവും സമന്വയിപ്പിക്കുന്ന സംയോജിത അനുഭവമായി ഇത് മാറിയിരിക്കുന്നു. ചരിത്രം, സംസ്കാരം, പ്രകൃതി എന്നിവ ആഘോഷിക്കുന്നതിനുള്ള അവിസ്മരണീയ അവസരമാക്കി ഇത് മാറ്റുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

