Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവീട്ടുകാര്‍ മൃതദേഹം...

വീട്ടുകാര്‍ മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചു; പ്രവാസിയുടെ മൃതദേഹം മണിക്കൂറുകളോളം പെരുവഴിയില്‍

text_fields
bookmark_border
Jayakumar
cancel

അജ്മാന്‍ : ഉമ്മുല്‍ഖുവൈനില്‍ മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം സ്വീകരിക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചു. കഴിഞ്ഞ ദിവസം മരണപ്പെട്ട ഏറ്റുമാനൂര്‍ കിഴക്കുംഭാഗം സ്വദേശി ജയകുമാര്‍ (40) ന്‍റെ മൃതദേഹമാണ് നാട്ടിലെത്തിച്ചിട്ടും വീട്ടുകാര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്.

ഏറെ കാലം ബഹറൈനില്‍ ജോലി ചെയ്തിരുന്ന ജയകുമാര്‍ അവിടെ ജോലി നഷ്ടപ്പെട്ടതോടെ അടുത്തിടെയാണ് വിസിറ്റ് വിസയില്‍ ജോലിയാവശ്യാര്‍ത്ഥം ഒന്നരമാസം മുന്‍പ് യു.എ.ഇയില്‍ എത്തുന്നത്. കഴിഞ്ഞ 19 ന് വെള്ളിയാഴ്ച്ച ഇദ്ദേഹത്തെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മരണം നടന്നതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ക്കായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ്‌ താമരശ്ശേരി വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ സഹകരിക്കാത്ത നിലയിലായിരുന്നു ഇദ്ദേഹത്തിന്‍റെ അമ്മയും ഭാര്യയടക്കമുള്ള കുടുംബത്തിന്‍റെ നിലപാട്.

മൃതദേഹത്തിന്‍റെ പാസ്പോര്‍ട്ട് ക്യാന്‍സല്‍ അടക്കമുള്ള തുടര്‍ നടപടികള്‍ക്കായി ദുബൈ ഇന്ത്യന്‍ കൊണ്സുലെറ്റ് അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ ആധാര്‍ അടക്കമുള്ള രേഖകള്‍ അയച്ചു നല്‍കുകയും മൃതദേഹം വേണ്ടതില്ല അനന്തര രേഖകള്‍ മാത്രം മതി എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഒരു നിലക്കും മൃതദേഹം സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായതോടെ അഷ്‌റഫ്‌ താമരശേരിയെ ജയകുമാറിന്‍റെ കൂടെ ബഹറൈനില്‍ ജോലി ചെയ്തിരുന്ന ലക്ഷദ്വീപ് സ്വദേശിനി സഫിയാബി മുന്നോട്ട് വരികയായിരുന്നു.

ഇതോടെ മൃതദേഹത്തിന്‍റെ തുടര്‍ നടപടികള്‍ക്ക് ആവശ്യമായ തുക ചിലവഴിക്കാന്‍ ഇദ്ദേഹത്തിന്‍റെ മറ്റൊരു സുഹൃത്ത് മുന്നോട്ട് വരികയായിരുന്നു. ആവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന പൊലീസിന്‍റെയും നാട്ടിലേക്ക് എത്തിച്ച് തന്നാല്‍ അദ്ദേഹത്തിന്‍റെ വിശ്വാസ പ്രകാരമുള്ള ചടങ്ങുകള്‍ നിര്‍വ്വഹിക്കാം എന്ന സഫിയാബിയുടേയും ഉറപ്പിന്മേല്‍ ഇവരുടെ പേരില്‍ മൃതദേഹം വ്യാഴാഴ്ച്ച രാത്രിക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു.

രാവിലെ നാട്ടിലെത്തിയ മൃതദേഹം സ്വീകരിക്കാന്‍ പോലും വീട്ടുകാര്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് സഫിയാബി വീട്ടുകാരെ ബന്ധപ്പെട്ടുകൊണ്ടിരുന്നെങ്കിലും പ്രതികരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. വിമാനത്താവളത്തില്‍ നിന്നും ആംബുലന്‍സില്‍ കയറ്റിയ മൃതദേഹവുമായി സഫിയാബി പുലര്‍ച്ചെ അഞ്ചു മണിക്ക് ആലുവ പൊലീസ് സ്റ്റേഷനില്‍ എത്തി സഹായം തേടി. പൊലീസ് സ്റ്റേഷനില്‍ നിന്നും വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും നിലപാടില്‍ മാറ്റമില്ലായിരുന്നു.

ഇതേ തുടര്‍ന്ന് സംസ്കരിക്കാനുള്ള അനുമതി നല്‍കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും ഏറ്റുമാനൂര്‍ പൊലീസുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഏറ്റുമാനൂരിലേക്ക് മൃതദേഹം കൊണ്ട് പോവുകയും ഏറ്റുമാനൂര്‍ പൊലീസിന്‍റെ സാനിധ്യത്തില്‍ മൃതദേഹം സംസ്കരിക്കുന്നതിന് സഫിയാബിക്ക് വിട്ട് നല്‍കാനുള്ള രേഖകള്‍ വീട്ടുകാര്‍ നല്‍കുമെന്നാണ് ഏറ്റവും ഒടുവില്‍ അറിയാന്‍ കഴിയുന്നത്.

Show Full Article
TAGS:deceased 
News Summary - The family refused to accept the body
Next Story