പരിസ്ഥിതി സൗഹൃദം; തെരുവ് വിളക്കുകൾ പരിഷ്കരിച്ച് ആർ.ടി.എ
text_fieldsശൈഖ് റാശിദ് സ്ട്രീറ്റിൽ പരിഷ്കരിച്ച തെരുവ് വിളക്കുകൾ
ദുബൈ: നഗരത്തിലെ പ്രധാന ഭാഗങ്ങളിലൊന്നായ ശൈഖ് റാശിദ് സ്ട്രീറ്റിലെ തെരുവ് വിളക്കുകൾ പരിഷ്കരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 9 കി.മീറ്റർ നീളത്തിൽ ഊർജ ഉപയോഗം കുറഞ്ഞ 900 തെരുവ് വിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഊർജ ഉപഭോഗം കാര്യക്ഷമമാക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. യു.എ.ഇയുടെ സുസ്ഥിരത സംരംഭങ്ങളുടെയും ഭാഗമാണിത്.
10 ലൈനുകളിലായി ഇരുഭാഗത്തു കൂടിയും സഞ്ചരിക്കുന്ന യാത്രക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ആറു മാസമെടുത്ത് മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കിയത്.
ആദ്യ ഘട്ടത്തിൽ ദേര മുതൽ അൽ ഗർഹൂദ് പാലം വരെയുള്ള ഭാഗവും രണ്ടാം ഘട്ടത്തിൽ ദേര മുതൽ ബർദുബൈ വരെയും അവസാനത്തിൽ ബർദുബൈ മുതൽ ശൈഖ് ഖലീഫ സ്ട്രീറ്റ് കവല വരെയുമാണ് പദ്ധതി നടപ്പിലാക്കിയത്. ദുബൈയിലെയും യു.എ.ഇയിലെയും പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി ഏറ്റവും മികച്ച രീതികൾ സ്വീകരിച്ചാണ് തെരുവ് വിളക്കുകളുടെ പരിഷ്കരണം നടപ്പിലാക്കിയതെന്ന് ആർ.ടി.എ റോഡുകളുടെയും സൗകര്യങ്ങളുടെയും അറ്റകുറ്റപ്പണി ചുമതലയുള്ള ഡയറക്ടർ അബ്ദുല്ല ലൂത പറഞ്ഞു.
പരമ്പരാഗത രീതികളേക്കാൾ പരിസ്ഥിതി സൗഹൃദമാണ് എൽ.ഇ.ഡി തെരുവ് വിളക്കുകൾ. ഇതിന് 60 ശതമാനം കുറവ് ഊർജം മാത്രമാണ് ആവശ്യമുള്ളത്. പരമ്പരാഗത വിളക്കുകളേക്കാൾ 173 ശതമാനം കാലം നിലനിൽക്കുകയും ചെയ്യും. അഥവാ പരമ്പരാഗത വിളക്കുകൾ 22,000 മണിക്കൂർ നിലനിൽക്കുമ്പോൾ എൽ.ഇ.ഡി 60,000 മണിക്കൂർ നിലനിൽക്കും.
വിളക്കുകൾ മാറ്റിസ്ഥാപിക്കുന്നതിന്റെ ഇടവേള കുറയുന്നതിനാൽ അറ്റകുറ്റപ്പണികളുടെയും പ്രവർത്തനത്തിന്റെയും ചെലവ് കുറയും. അതോടൊപ്പം എൽ.ഇ.ഡി ലൈറ്റുകൾ ഊർജ നഷ്ടവും 38 ശതമാനം വരെ ചൂടും കുറയാൻ സഹായിക്കും. ഇതുവഴി ദുബൈയിലെ തെരുവ് വിളക്കുകളുടെ കാര്യക്ഷമത വർധിക്കുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ എൽ.ഇ.ഡി വിളക്കുകൾ കൂടുതൽ തിളക്കവും വ്യക്തതയും നൽകുന്നതാണ്. ഇതുവഴി രാത്രികാലങ്ങളിൽ ദൃശ്യതയും ഗതാഗത സുരക്ഷയും വർധിപ്പിക്കും. പരമ്പരാഗത വിളക്കുകളേക്കാൾ ഇരട്ടി തെളിച്ചമാണ് എൽ.ഇ.ഡിക്കുണ്ടാവുകയെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

