ഭാവിയുടെ വാതിൽ തുറന്നു; ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം
text_fieldsദുബൈ ഫ്യൂച്ചർ മ്യൂസിയത്തിന്റെ ഉദ്ഘാടന പരിപാടി
ദുബൈ: ഭാവിയിലേക്കുള്ള കരുതിവെക്കൽ അടയാളപ്പെടുത്തി ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചർ ലോകത്തിന് സമർപ്പിച്ചു. 'ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടം' എന്ന വാക്കുകളോടെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് മ്യൂസിയം തുറന്നുകൊടുത്തത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്ക് ഭാവിയുടെ മ്യൂസിയത്തിലേക്ക് പ്രവേശിക്കാം. 145 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
വിസ്മയകരമായ ഉദ്ഘാടന ചടങ്ങിനാണ് ദുബൈ സാക്ഷ്യം വഹിച്ചത്. എക്സ്പോ 2020ക്ക് ശേഷം ദുബൈ കണ്ട ഏറ്റവും വലിയ ഉദ്ഘാടന മഹാമഹമായിരുന്നു അരങ്ങേറിയത്. ഉദ്ഘാടന ചടങ്ങ് കാണാൻ നിരവധിപേർ ഫ്യൂച്ചർ മ്യൂസിയത്തിന് സമീപത്തായി നിലകൊണ്ടു. നിർമിത ബുദ്ധിയുടെ സഹായത്തോടെ വെളിച്ചം കൊണ്ട് ചരിത്രം പറഞ്ഞായിരുന്നു ഫ്യൂച്ചർ മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങ്.
ദുബൈ ഫ്യൂച്ചർ മ്യൂസിയം ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുന്ന ദുബൈ ഭരണാധികാരികൾ
2015ലാണ് ഫ്യൂച്ചർ മ്യൂസിയം പ്രഖ്യാപിച്ചത്. കെട്ടിടത്തിന്റെ പുറംഭാഗം പൂർണമായും മനോഹരമായ കാലിഗ്രഫി ചിത്രങ്ങളാലാണ് അലങ്കരിച്ചത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ദുബൈ ഭാവിയെ കുറിച്ച് രചിച്ച കവിതയാണ് കാലിഗ്രഫിയുടെ ഉള്ളടക്കം. 'വരുംകാലത്തെ സങ്കൽപിക്കാനും രൂപകൽപന ചെയ്യാനും നടപ്പാക്കാനും കഴിയുന്നവരുടേതാണ് ഭാവി. അത് നിങ്ങൾ കാത്തിരിക്കേണ്ട ഒന്നല്ല, മറിച്ച് സൃഷ്ടിക്കേണ്ടതാണ്' എന്ന അർഥമാണ് എഴുത്തിലെ വരികൾക്കുള്ളത്. മനുഷ്യ നാഗരികതയുടെ ചരിത്രത്തിൽ അറബ് ലോകം നൽകിയ സംഭാവനകളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നേരത്തെ ശൈഖ് മുഹമ്മദ് ബിൻ റാശിദ് പ്രഖ്യാപിച്ച പദ്ധതിയുടെ ആസ്ഥാനവും മ്യൂസിയമാണ്.
എക്സിബിഷൻ, ഇമ്മേഴ്സീവ് തിയറ്റർ തുടങ്ങിയവ സംയോജിപ്പിച്ച സംവിധാനമാണ് കെട്ടിടത്തിനകത്ത്. ഏഴു നിലകളുള്ള ഉൾഭാഗം സിനിമ സെറ്റ് പോലെ താമസിക്കാനും പങ്കുവെക്കാനും സംവദിക്കാനും കഴിയുന്ന സ്ഥലമായാണ് നിർമിച്ചിരിക്കുന്നത്. ലോക പ്രശസ്ത ഡിസൈനർമാർ ചേർന്നാണ് കെട്ടിടത്തിന്റെ അകത്തെ സൗകര്യങ്ങളും രൂപകൽപന ചെയ്തിട്ടുള്ളത്.
ഭാവിയുടെ വാതിൽ തുറന്നു
ദുബൈ: ഫ്യൂച്ചർ മ്യൂസിയത്തിന് സ്വാഗതമോതി ദുബൈ മെട്രോയും. മ്യൂസിയത്തിലെ അറബിക് കാലിഗ്രഫിയാൽ പുതഞ്ഞാണ് മെട്രോ പുതിയ അതിഥിക്ക് സ്വാഗതമോതിയത്. ഇത് ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്ന് അറബിയിലും ഇംഗ്ലീഷിലും എഴുതിവെച്ചിട്ടുണ്ട്. ഫ്യൂച്ചർ മ്യൂസിയത്തിന് മുന്നിലൂടെ മെട്രോ സർവിസ് നടത്തുന്ന വിഡിയോ ആർ.ടി.എ പുറത്തുവിട്ടു. ബുർജ് ഖലീഫ, ബുർജ് അൽ അറബ്, അൽ വാസ്ൽ ഡോം എന്നിവയും മുമ്പ് മെട്രോയിൽ പതിഞ്ഞിരുന്നു.
മെട്രോയും ഫ്യൂച്ചർ മ്യൂസിയവും തമ്മിൽ ഒരു ബന്ധമുണ്ട്. 09.09.09 എന്ന അപൂർവ ദിവസമായിരുന്നു മെട്രോ ഓടിത്തുടങ്ങിയത്. 22.2.2022 എന്ന ദിവസത്തിലാണ് ഫ്യൂച്ചർ മ്യൂസിയം തുറക്കുന്നത്. അഞ്ച് മിനിറ്റിന്റെ ഇടവേളയിൽ ഫ്യൂച്ചർ മ്യൂസിയത്തിന് മുന്നിലൂടെ മെട്രോ ചീറിപ്പായുന്നുണ്ട്.
വിമാനത്താവളത്തിലെത്തിയവർക്ക് മ്യൂസിയം സ്റ്റാമ്പ്
പാസ്പോർട്ടിലെ സ്റ്റാമ്പുമായി വിമാനത്താവളത്തിൽ
നിൽക്കുന്ന കുട്ടി
ദുബൈ:ചൊവ്വാഴ്ച ദുബൈ വിമാനത്താവളത്തിൽ എത്തിയവരെ കാത്തിരുന്നത് ചരിത്ര സ്റ്റാമ്പ്. യു.എ.ഇയുടെ അഭിമാന സ്തംഭമായ മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ സ്റ്റാമ്പാണ് വിമാനത്താവളത്തിലെത്തിയവരുടെ പാസ്പോർട്ടിൽ പതിച്ചത്. മ്യൂസിയത്തിന്റെ ലോഗോയും 'ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടം' എന്ന വാക്യവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് യാത്രക്കാർ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

