ദുബൈയിൽ പ്രിയമേറി പൊതുഗതാഗത മാർഗങ്ങൾ
text_fieldsദുബൈ: എമിറേറ്റിൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ വർഷം പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 6.4 ശതമാനം വർധന രേഖപ്പെടുത്തിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട ആർ.ടി.എയുടെ കണക്കുകൾ പ്രകാരം 2024ൽ ദുബൈ മെട്രോ, ട്രാം, ബസ്, ജലഗതാഗത മാർഗങ്ങളായ അബ്ര, ഫെറി, വാട്ടർ ടാക്സി, മറ്റ് ഗതാഗത സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചവരുടെ എണ്ണം 74.71 കോടിയാണ്. 2023നെ അപേക്ഷിച്ച് പ്രതിദിന യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി.
2023ൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 19.2 ലക്ഷമായിരുന്നു. 2024ൽ ഇത് 20 ലക്ഷമായാണ് വർധിച്ചത്. കൂടാതെ ആഡംബര യാത്ര സർവിസുകളായ ലിമോസിൻ യാത്രക്കാരുടെ എണ്ണം 1.9 കോടിയിലെത്തി. 2024ൽ ആകെ സർവിസുകളുടെ എണ്ണം 15.3 കോടിയാണ്. ഇതിൽ ടാക്സി സർവിസുകളുടെ എണ്ണം 11.5 കോടിയും ബസ് ഓൺ ഡിമാൻഡ് ഉൾപ്പെടെ ഷെയേഡ് മൊബിലിറ്റി സർവിസുകളുടെ എണ്ണം 3.2 കോടിയുമാണ്.
ഒക്ടോബർ, നവംബർ മാസങ്ങളിലാണ് യാത്രക്കാരിൽനിന്ന് ഏറ്റവും ഉയർന്ന ഡിമാന്റ് കാണിച്ചിരിക്കുന്നത്. ഈ മാസങ്ങളിൽ 1.41 കോടി വീതം ട്രിപ്പുകളാണ് പൊതുഗതാഗ സംവിധാനങ്ങൾ നടത്തിയത്. ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ സുസ്ഥിരമായ വാർഷിക വളർച്ച കൈവരിക്കാനായതിൽ ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ സംതൃപ്തി പ്രകടിപ്പിച്ചു.
2023 അപേക്ഷിച്ച് ഷെയേഡ് മൊബിലിറ്റി രംഗത്ത് 28 ശതമാനം വളർച്ച കൈവരിക്കാനായതായി അദ്ദേഹം പറഞ്ഞു. അതേസമയം, മെട്രോ സർവിസ് വിപുലീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ ആർ.ടി.എ ബ്ലൂലൈൻ നിർമാണത്തിന് കരാർ നൽകിയിരുന്നു.മൂന്ന് തുർക്കിയ, ചൈനീസ് കമ്പനികൾ ചേർന്നുള്ള കർസോർട്ട്യത്തിനാണ് 2005 കോടി ദിർഹത്തിന്റെ നിർമാണ കരാർ നൽകിയത്. 30 കിലോമീറ്ററിൽ നിർമിക്കുന്ന പുതിയ ബ്ലൂ ലൈനിന്റെ നിർമാണം വരുന്ന ഏപ്രിലിൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

