കോവിഡ് വ്യാപിക്കുന്നു; പിന്നിൽ സ്വകാര്യപാർട്ടികളും കൂടിച്ചേരലുമെന്ന് ദുബൈ പൊലീസ്
text_fieldsദുബൈ പൊലീസ് മേധാവി ലഫ്റ്റനൻറ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി
ദുബൈ: ദുബൈയിൽ കോവിഡ് പോസിറ്റിവ് കേസുകളുടെ എണ്ണം ഗണ്യമായി വർധിച്ചതിനു വീടുകളിലും ഹാളുകളിലും നടന്ന സ്വകാര്യപാർട്ടികളും ഒത്തുചേരൽ പരിപാടികളുമാണെന്ന് ദുബൈ പൊലീസ്. കോവിഡ് പ്രതിരോധ പ്രോട്ടോകോൾ സമൂഹം കൃത്യമായി പാലിച്ചിട്ടും കേസുകൾ കുത്തനെ കൂടിയതിന് പ്രധാന കാരണം സ്വകാര്യചടങ്ങുകളിലെ ആൾക്കൂട്ടങ്ങളും കൂടിച്ചേരലുകളുമാണെന്ന് ദുബൈ പൊലീസ് കമാൻഡൻ ഇൻ ചീഫ് ലഫ്റ്റനൻറ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി നിരീക്ഷിച്ചു.
സ്വകാര്യ കൂടിച്ചേരലുകളിൽ സാമൂഹിക അകലം പാലിക്കുന്നതിലും ഫേസ് മാസ്ക് ധരിക്കുന്നതിലും കാട്ടിയ വീഴ്ചകളാണ് കേസുകൾ വർധിക്കാനിടയാക്കിയത്. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ ആളുകളെ കാണുന്നത് വളരെ അപൂർവമാണ്. എന്നാൽ, വിവാഹങ്ങൾ, വീടുകളിൽ നടക്കുന്ന സ്വകാര്യ പാർട്ടികൾ, ഒത്തുചേരലുകൾ എന്നിവയാണ് പ്രശ്നങ്ങൾക്കിടയാക്കിയത് -ഖലീഫ അൽ മർറി പറഞ്ഞു.
സാമൂഹിക പിന്തുണയില്ലാതെ ഒരു രാജ്യത്തിനും പകർച്ചവ്യാധിയെ പരാജയപ്പെടുത്താൻ കഴിയില്ല. എല്ലാ വീടുകളും കാറുകളും കുടുംബ സമ്മേളനങ്ങളും പൊലീസിന് നിരീക്ഷിക്കാൻ കഴിയില്ല. 20 അല്ലെങ്കിൽ 40 പേർക്കായാണ് പാർട്ടികൾ നടത്തുന്നത്, എന്നാൽ 80 ആളുകളാണ് അവിടെ ഒത്തുകൂടുന്നത്. ഇതു നിയമലംഘനമാണെന്നും സ്വീകാര്യമായ പെരുമാറ്റമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒത്തുചേരലിൽ പങ്കെടുക്കുന്നതിന് മുമ്പ് സ്വയം ചോദിക്കണമെന്നും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം അനുവദനീയമായ അതിഥികളുടെ എണ്ണത്തിൽ മാത്രമായി പരിമിതപ്പെടുമെന്നും പങ്കെടുക്കുന്ന എല്ലാവരും വൈറസ് ബാധിതരല്ലെന്ന് ഉറപ്പുവരുത്തണമെന്നും ദുബൈ പൊലീസ് മേധാവി ജനങ്ങളോട് ആവശ്യപ്പെട്ടു.
ദുബൈയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് സാമൂഹിക പരിപാടികളിലെ ഒത്തുചേരലുകൾക്കായി പുതിയ നിയമങ്ങൾ പുറത്തിറക്കിയിരുന്നു.
വിവാഹങ്ങളും സ്വകാര്യ പാർട്ടികളും ഉൾപ്പെടെ സാമൂഹിക പരിപാടികൾക്കായി പരമാവധി 10 പേരെ ഒത്തുകൂടാൻ അനുവദിക്കുമെന്നും ചടങ്ങുകളിൽ ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രമായി പരിമിതപ്പെടുത്തണമെന്നും സമിതി വ്യക്തമാക്കി. ഹോട്ടലുകളിലും വീടുകളിലും ഒത്തുചേരുന്നതിന് ഈ ഉത്തരവ് ബാധകമാണ്.
ദുബൈ പുതിയ നിയമങ്ങൾ അനുസരിച്ച് റസ്റ്റാറൻറുകളിലും കഫേകളിലുമുള്ള ടേബിളുകൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം രണ്ടു മീറ്ററിൽനിന്ന് മൂന്ന് മീറ്ററായി ഉയർത്തി.
കൂടാതെ, ഒരു മേശയിൽ ഇരിക്കാൻ അനുവദിക്കുന്ന പരമാവധി ആളുകളുടെ എണ്ണം റസ്റ്റാറൻറുകളിൽ 10ൽനിന്ന് ഏഴായും കഫേകളിൽ നാലായും പരിമിതപ്പെടുത്തി. ഫിറ്റ്നസ് സെൻററുകളിലും ജിംനേഷ്യങ്ങളിലും, കായിക ഉപകരണങ്ങളും പരിശീലകരും തമ്മിലുള്ള ശാരീരിക അകലം രണ്ട് മീറ്ററിൽനിന്ന് മൂന്ന് മീറ്ററായും ഉയർത്തിയിട്ടുണ്ട്. ഈ പുതിയ നിയമങ്ങൾ ജനുവരി 27 മുതൽ പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

