രാജ്യത്തെ ആദ്യ പറക്കും ടാക്സി പരീക്ഷണം അൽഐനിൽ
text_fieldsഅബൂദബിയിൽ പ്രദർശിപ്പിച്ച പറക്കും ടാക്സി
അബൂദബി: ഈ വർഷം അവസാനത്തോടെ സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി പറക്കും ടാക്സിയുടെ യു.എ.ഇയിലെ ആദ്യത്തെ പരീക്ഷണ പറക്കൽ ഏതാനും മാസങ്ങൾക്കുള്ളിൽ അൽഐനിൽ ആരംഭിക്കും. മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് തിങ്കളാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി (ജി.സി.എ.എ) ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും സർവിസ് ആരംഭിക്കാനുള്ള അംഗീകാരത്തിന്റെ അവസാന ഘട്ടത്തിലാണെന്നും ആർച്ചർ ഏവിയേഷൻ സി.ഇ.ഒ ആദം ഗോൾഡ്സ്റ്റൈൻ പറഞ്ഞു. അബൂദബിയിലെ അഡ്നെക് സെന്ററിൽ നടക്കുന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സി’ന്റെ നാലാമത് പതിപ്പിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. അബൂദബിയിൽ ആരംഭിക്കുന്നതിന് മുന്നോടിയായാണ് അൽഐനിൽ പരീക്ഷ പറക്കൽ തുടങ്ങുന്നത്.
അബൂദബി ക്രൂസ് ടെർമിനൽ ഹെലിപ്പാഡിനെ ഹെലികോപ്റ്ററുകൾക്കും ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വാഹനങ്ങൾക്കുമുള്ള ഒരു ഹൈബ്രിഡ് ഹെലിപോർട്ടാക്കി മാറ്റുന്നതിനുള്ള ആർച്ചർ ഏവിയേഷന്റെ രൂപകൽപനക്ക് ജി.സി.എ.എ അംഗീകാരം നൽകിയിരുന്നു.
ആര്‍ചര്‍ ഏവിയേഷന്‍ അബൂദബിയില്‍ എയര്‍ ടാക്സികള്‍ നിര്‍മിക്കുന്നതിനും ആസ്ഥാനമന്ദിരം സ്ഥാപിക്കാനും കഴിഞ്ഞവര്‍ഷം ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപം ലഭിച്ചിരുന്നു. 2025ല്‍ യു.എ.ഇയില്‍ വാണിജ്യതലത്തില്‍ എയര്‍ടാക്സികള്‍ ആരംഭിക്കുന്നതിനായി അബൂദബിയിലെ സുപ്രധാന കേന്ദ്രങ്ങളില്‍ വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി നിക്ഷേപം സ്വീകരിച്ചത്. കാറിന് ഒന്നരമണിക്കൂറോളം സമയമെടുക്കുന്ന യാത്രകള്‍ പറക്കും ടാക്സികള്‍ 10 മുതല്‍ 20 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കും. പൈലറ്റിനും നാല് യാത്രികര്‍ക്കുമാണ് ഇവയില്‍ സഞ്ചരിക്കാനാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

