Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകനത്ത...

കനത്ത വേനല്‍ച്ചൂടിലേക്ക് രാജ്യം

text_fields
bookmark_border
കനത്ത വേനല്‍ച്ചൂടിലേക്ക് രാജ്യം
cancel

അബൂദബി: യു.എ.ഇയില്‍ വേനല്‍ച്ചൂട് കൂടുതല്‍ ശക്തമാകുന്നു. ഈ ആഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം.) അറിയിച്ചു. താപനില ഉയരുന്നതിനൊപ്പം ശക്തമായ കാറ്റിനും പൊടിക്കാറ്റിനും അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം പാനീയങ്ങള്‍ കുടിക്കണം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് ആവശ്യത്തിന് കുടിവെള്ളം ഉറപ്പാക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

അബൂദബി എമിറേറ്റിലെ മസൈറ, ഗസയൂറ, അല്‍ ഖുവ്വ തുടങ്ങിയ ഉള്‍പ്രദേശങ്ങളിലാണ് വ്യാഴാഴ്ചയോടെ ചൂട് 48 ഡിഗ്രിയിലെത്തുക. അബൂദബി നഗരത്തില്‍ 43 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും ഈ ആഴ്ചയിലെ ഉയര്‍ന്ന താപനില. ദുബൈയില്‍ വ്യാഴാഴ്ചയോടെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെങ്കിലും അബൂദബിയെ അപേക്ഷിച്ച് നേരിയ ആശ്വാസമുണ്ടാകും. പൊതുവെ ഉള്‍പ്രദേശങ്ങളില്‍ താപനില 42 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെയും, തീരദേശങ്ങളിലും ദ്വീപുകളിലും 35 മുതല്‍ 40 ഡിഗ്രി വരെയും, പര്‍വത മേഖലകളില്‍ 32 മുതല്‍ 39 ഡിഗ്രി വരെയുമായിരിക്കും ചൂട് അനുഭവപ്പെടുക. കഴിഞ്ഞ ആഴ്ച ഫുജൈറയിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. ഇവിടെ 46 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.

അസ്ഥിരമായ കാലാവസ്ഥയ്ക്കു ശേഷമാണ് രാജ്യം കടുത്ത വേനലിലേക്ക് കടക്കുന്നത്. ഏതാനും ആഴ്ചകളായി യു.എ.ഇയിലെ മിക്കയിടങ്ങളിലും താപനില പതിവായി 40 ഡിഗ്രി കടക്കുന്നുണ്ട്. കണക്കുകൂട്ടലുകള്‍ അനുസരിച്ച് ജൂണ്‍ 21നാണ് ഔദ്യോഗികമായി വേനല്‍ ആരംഭിക്കുന്നതെങ്കിലും രാജ്യത്ത് ചൂട് നേരത്തെ തന്നെ ശക്തമായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഏപ്രില്‍, മേയ് മാസങ്ങള്‍ക്കായിരുന്നു യു.എ.ഇ സാക്ഷ്യം വഹിച്ചത്.

തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 കി.മീ വരെയും ഉള്‍പ്രദേശങ്ങളില്‍ 35 കി.മീ വരെയും വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നുള്ള കാറ്റ് വീശിയേക്കാം. ഇത് അന്തരീക്ഷത്തില്‍ പൊടിയും മണലും ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമാകും. അറേബ്യന്‍ ഗള്‍ഫില്‍ ബുധനാഴ്ച മുതല്‍ കടല്‍ പ്രക്ഷുബ്ധമാകാനും വെള്ളിയാഴ്ചയോടെ കൂടുതല്‍ ശക്തമാകാനും സാധ്യതയുണ്ട്. അതേസമയം, ഒമാന്‍ കടല്‍ ശാന്തമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SummerheatwaveUAE
News Summary - The country heads into severe summer heat
Next Story