യൂനിയൻ പ്രതിജ്ഞാദിനം ആചരിച്ച് രാജ്യം
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും
ദുബൈ: യു.എ.ഇയുടെ സ്ഥാപക ഭരണാധികാരികൾ യൂനിയൻ പ്രഖ്യാപനത്തിലും യു.എ.ഇ ഭരണഘടനയിലും ഒപ്പുവെച്ചതിന്റെ ഓർമ പുതുക്കി വെള്ളിയാഴ്ച രാജ്യം യൂനിയൻ പ്രതിജ്ഞാദിനം ആചരിച്ചു. 1971 ജൂലൈ 18നാണ് ചരിത്ര പ്രസിദ്ധമായ യൂനിയൻ പ്രഖ്യാപനം നടന്നത്. ഇതോടെയാണ് യുനൈറ്റഡ് അറബ് എമിറേറ്റ്സെന്ന പേര് ഔദ്യോഗികമായി നിലവിൽ വന്നത്. കഴിഞ്ഞ വർഷമാണ് ജൂലൈ 18 യൂനിയൻ പ്രതിജ്ഞ ദിനമായി ആചരിക്കാൻ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചത്.
യൂനിയൻ പ്രതിജ്ഞാദിനത്തോടനുബന്ധിച്ച് ഐക്യവും മുന്നേറ്റവും ഉദ്ഘോഷിക്കുന്ന സന്ദേശം ഭരണാധികാരികൾ പങ്കുവെച്ചു. ഐക്യം യു.എ.ഇയുടെ ശാശ്വത ശക്തിയും രാജ്യത്തിന്റെ തുടർ മുന്നേറ്റത്തിന്റെ കരുത്തുമാണെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് പ്രസ്താവിച്ചു. യൂനിയൻ പ്രതിജ്ഞാ ദിനത്തിൽ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെയും അദ്ദേഹത്തിന്റെ സഹ ഭരണാധികാരികളുടെയും, യൂനിയൻ സ്ഥാപിക്കാനായി ഒരുമിച്ചുനിന്ന അനുഗൃഹീതമായ പാരമ്പര്യമാണ് ആഘോഷിക്കുന്നത്. യു.എ.ഇയുടെ വളർച്ചക്കും പുരോഗതിക്കുമുള്ള കൂട്ടായ പ്രതിബദ്ധത ഉറപ്പിക്കുന്ന ഈ സന്ദർഭത്തിൽ ഐക്യമാണ് നമ്മുടെ രാജ്യത്തിന്റെ ശക്തിയുടെയും വികസനത്തിന്റെയും അടിസ്ഥാനമെന്ന് ഉറപ്പിക്കുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാപക പിതാക്കന്മാർ യൂനിയൻ പ്രഖ്യാപിക്കാനും അതിന്റെ ഭരണഘടന തയാറാക്കാനും ഒന്നിച്ച ചരിത്ര നിമിഷത്തെ അനുസ്മരിക്കുകയാണ് യൂനിയൻ പ്രതിജ്ഞാ ദിനമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സിൽ കുറിച്ചു. ആധുനിക അറബ് ലോകത്ത് ഐക്യദാർഢ്യത്തിന്റെ ഏറ്റവും വലിയ മാതൃക സൃഷ്ടിക്കാൻ ഹൃദയങ്ങൾ ഒത്തുചേർന്നതും പരിശ്രമങ്ങളും വിഭവങ്ങളും സംയോജിപ്പിച്ചതുമായ ഒരു ദിവസമായിരുന്നു അത്.
ഭാവിയിലേക്ക് അതേ ചൈതന്യത്തോടെയും അഭിലാഷത്തോടെയും മുന്നേറാനുള്ള പ്രതിജ്ഞ ഇന്ന് നാം പുതുക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ തുടങ്ങി പ്രമുഖർ യൂനിയൻ പ്രതിജ്ഞാ ദിനത്തിൽ സന്ദേശം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

