ഈദുൽ ഇത്തിഹാദ് ആഘോഷമാക്കി രാജ്യം
text_fieldsദേശീയദിനത്തിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ കുടുംബത്തോടൊപ്പം
അബൂദബി: യു.എ.ഇ.യുടെ 54ാമത് ദേശീയദിനം ഈദുൽ ഇത്തിഹാദ് ആഘോഷമാക്കി രാജ്യം. രണ്ട് ദിനങ്ങളിലായി നടന്ന വിവിധ ആഘോഷ പരിപാടികളിൽ, അറബ് പാരമ്പര്യത്തനിമ വിളിച്ചോതുന്ന കലാപരിപാടികൾ വർണശോഭയേറ്റി.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തി ഇമാറാത്തിനെ നെഞ്ചേറ്റിയ പ്രവാസികളും ആഘോഷത്തിന്റെ ഭാഗമായി. ദുബൈയിൽ നടന്ന സിറ്റി വാക്ക് പരിപാടിയിൽ വിവിധ രാജ്യങ്ങളുടെ തനത് കലാരൂപങ്ങൾ അടക്കം കാണികൾക്ക് ആസ്വാദ്യകരമായി. കരിമരുന്ന് പ്രകടനങ്ങളും ഡ്രോണ്‍ ഷോകളും ലൈറ്റ് ഷോയും പരമ്പരാഗത കലകളുമൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ ദിനാചരണഭാഗമായി അരങ്ങേറി.
അതേസമയം, രാഷ്ട്രത്തിന്റെ പുരോഗമന പദ്ധതികളും ഭാവി കാഴ്ചപ്പാടിലും ജനങ്ങൾക്കും കുടുംബത്തിനും യുവതീയുവാക്കൾക്കും പ്രാധാന്യം നൽകുമെന്ന് യു.എ.ഇ രാഷ്ട്രനേതൃത്വം പ്രഖ്യാപിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ തങ്ങളുടെ സന്ദേശങ്ങളിൽ രാജ്യത്തിന്റെ പുരോഗതിക്ക് ഊർജം നൽകുന്നത് പൗരന്മാരാണെന്നും അവരുടെ സ്വപ്നങ്ങൾക്കും മൂല്യങ്ങൾക്കുമാണ് പ്രാധാന്യം നൽകുന്നതെന്നും വ്യക്തമാക്കി.
യുവതലമുറയുടെ ശാക്തീകരണമാണ് ലക്ഷ്യം. രാഷ്ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കും. ദേശീയ സ്വത്വം, അറബി ഭാഷ, ധാർമിക മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കാനും രാഷ്ട്ര നേതാക്കൾ ആഹ്വാനം ചെയ്തു. കുടുംബമാണ് സംസ്കാരത്തിന്റെ ആദ്യത്തെ പാഠശാലയെന്നും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിൽ കുടുംബബന്ധങ്ങൾക്ക് വലിയ പങ്കുണ്ടെന്നും നേതാക്കൾ പറഞ്ഞു.
ആഗോളതലത്തിൽ സമാധാനം നിലനിർത്തുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിനും യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. യു.എ.ഇയുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും ഉയർത്തിപ്പിടിച്ച്, അതിന്റെ നേട്ടങ്ങൾ അടുത്ത തലമുറക്ക് കൈമാറണമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദും ആഹ്വാനം ചെയ്തു. ഈദുൽ ഇത്തിഹാദിനോടനുബന്ധിച്ച് വിവിധ രാഷ്ട്രത്തലവന്മാർ യു.എ.ഇ രാഷ്ട്രനേതാക്കൾക്ക് ആശംസകളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

