Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൃതദേഹം...

മൃതദേഹം നാട്ടിലെത്തിക്കാൻ ചെലവ്​ 5,160 ദിർഹം ഏജന്‍റുമാർ ഈടാക്കുന്നത്​ 10,000

text_fields
bookmark_border
dead-body, uae, gulf
cancel

ദുബൈ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ​​ ഏജന്‍റുമാരുടെ ഇടപെടലിനെതിരെ പരാതികൾ വ്യാപകം. മരണ സർട്ടിഫിക്കറ്റ്, എംബാമിങ്​ സർട്ടിഫിക്കറ്റ്​, കാർഗോ ഫീസ്​ തുടങ്ങിയ സേവനങ്ങൾക്കായി മരിച്ചവരുടെ ബന്ധുക്കളിൽ നിന്നും ഏജന്‍റുമാർ ഈടാക്കുന്നത്​ ഔദ്യോഗിക നിരക്കിനേക്കാൾ ഇരട്ടിതുക.

പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക്​ കാണാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കളുടെ നിസ്സഹായാവസ്ഥ മുതലെടുത്താണ്​ മൃതദേഹങ്ങളുടെ പേരിൽ ​യാതൊരു മനസ്സാക്ഷി കുത്തുമില്ലാതെ ഏജന്‍റുമാരുടെ കൊള്ള​. യു.എ.ഇയിലെ ചില സാമൂഹിക പ്രവർത്തകരും ബിനാമി പേരിൽ ഇതിനായി ഏജന്‍റുമാരെ വെച്ചിട്ടുണ്ടെന്നതാണ്​ ഞെട്ടിക്കുന്ന വസ്തുത. ഇന്ത്യൻ പ്രവാസികളുടെ പേരിൽ മാത്രമല്ല തട്ടിപ്പ്​.

പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലും ചൂഷണം വ്യാപകമാണ്​. ഏറ്റവും വലിയ ചൂഷണം നടക്കുന്നത്​ മൃതദേഹം കൊണ്ടുപോകുന്ന കാർഗോ ഫീസിനത്തിലാണ്​. എയർ ഇന്ത്യ എക്സ്​പ്രസ്​, ഇൻഡിഗോ, എയർ അറേബ്യ, ഫ്ലൈദുബൈ തുടങ്ങിയവയാണ്​​​ ഇന്ത്യയിലേക്ക്​ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിൽ പ്രമുഖ വിമാനക്കമ്പനികൾ​. ഷാർജയിൽ നിന്ന്​ സർവിസ്​ നടത്തുന്ന എയർ അറേബ്യ ഒരു മൃതദേഹം കൊണ്ടുപോകുന്നതിന്​ 1910 ദിർഹം ഈടാക്കുമ്പോൾ എയർ ഇന്ത്യ എക്സ്​പ്രസ്​ ഈടാക്കുന്നത്​ 3,000 ദിർഹമാണ്​.

ഇന്ത്യയിലേക്ക്​ ഏറ്റവും കൂടുതൽ സർവിസ്​ നടത്തുന്ന വിമാന കമ്പനി എന്ന നിലയിൽ കൂടുതൽ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതും എയർ ഇന്ത്യ എക്സ്​പ്രസാണ്​. ഇവരുടെ കാർഗോ വിഭാഗത്തിന്‍റെ പേരിൽ വ്യാജ റസീപ്​റ്റുകളും ഏജന്‍റുമാർ നൽകുന്നതായി ആരോപണമുണ്ട്​.

മൃതദേഹം കൊണ്ടുപോകുന്നതിനുള്ള​ മുഴുവൻ നടപടികൾക്കുമായി ആകെ ചെലവ്​ 5,162 ദിർഹമാണെന്നിരിക്കെ 7,000 മുതൽ 10,000 ദിർഹം വരെയാണ്​ ഏജന്‍റുമാർ ഈടാക്കുന്നത്​​. എന്നാൽ, കാർഗോ കമ്പനികളുടെ ഔ​ദ്യോഗിക റസീപ്​റ്റ്​ ആവശ്യപ്പെട്ടപ്പോൾ​ തുക കുറച്ച്​ നൽകിയതായും ഇരകളിൽ ഒരാൾ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

ഈ രംഗത്ത് പ്രവർത്തിക്കുന്ന​ ഔദ്യോഗിക സംവിധാനങ്ങളുടെ കൃത്യമായ ഇടപെടലോ മേൽനോട്ടമോ ഇല്ലാത്തതാണ്​ തട്ടിപ്പും ചൂഷണവും വ്യാപകമാവാൻ കാരണമെന്നാണ്​ വിലയിരുത്തൽ. ദുബൈ ഇന്ത്യൻ കോൺസുലും എംബസിയും ഏജന്‍റുമാരുടെ തട്ടിപ്പിനെതിരെ ജാഗ്രത നിർദേശം പുറപ്പെടുവിക്കാറുണ്ടെങ്കിലും തട്ടിപ്പിന്​ അറുതി വരുത്താൻ കഴിഞ്ഞിട്ടില്ല. മരണപ്പെട്ടയാളുടെ സ്​പോൺസറോ ബന്ധുക്കളോ മാത്രമേ രേഖകൾ സമർപ്പിക്കാവൂവെന്നാണ്​ നിയമമെങ്കിലും പല രേഖകളും പലയിടങ്ങളിൽ നിന്നായി സംഘടിപ്പിക്കേണ്ടി വരുന്നതിനാൽ മിക്ക കേസുകളിലും ഏജന്‍റുമാരാണ്​ ഇ​ടപെടാറ്​. എംബാമിങ്​ സെന്‍ററുകളിലെ ജീവനക്കാരെ മറയാക്കിയും അനധികൃതമായി പണം പിടുങ്ങുന്നുണ്ടെന്നാണ്​ വിവരം.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും ഫീസും

1. എംബാമിങ്​ മെഡിസിൻ​ -1072 ദിർഹം

2. കാർഗോ ബോക്സ്​​- 1840 ദിർഹം

3. എയർപോർട്ടിലേക്കുള്ള ആംബുലൻസ്​ ഫീസ്​​ 220 ദിർഹം

4. എയർ കാർഗോ ഫീസ്​- എയർ അറേബ്യ-1910, എയർ ഇന്ത്യ എക്സ്​പ്രസ്​ 3,000 ദിർഹം

-മരണ സർട്ടിഫിക്കറ്റിനായി ഹെൽത്ത്​ സെന്‍റർ ഫീസ്​ 120

ആകെ ചെലവ്​ 5,162 ദിർഹം

എംബാമിങ്​ കേന്ദ്രത്തിൽ നൽകേണ്ട രേഖകൾ

1. ഹെൽത്ത്​ സെന്‍റർ/ ആശുപത്രിയിൽ നിന്നുള്ള ഡെത്ത്​ നോട്ടിഫിക്കേഷൻ

2. മരണ സർട്ടിഫിക്കറ്റ്​

3. പൊലീസ്​, കോൺസുലേറ്റിൽ നിന്നുള്ള എൻ.ഒ.സി

4. എംബാമിങ്​ സർട്ടിഫിക്കറ്റ്​

5. മരിച്ചയാളുടെ പാസ്​പോർട്ടിന്‍റെ പകർപ്പ്​

6. എമിറേറ്റ്​സ്​ ഐ.ഡി കോപ്പി

ചെയ്യേണ്ട നടപടികൾ

ആശുപത്രിയിൽ വെച്ച്​ മരണം സംഭവിച്ചാൽ ഡെത്ത്​ നോട്ടിഫിക്കേഷൻ ആശുപത്രി നൽകും. ഇതിന്‍റെ ഒരു കോപ്പി അതത്​ പൊലീസ്​ സ്​റ്റേഷനിലേക്കും അയക്കും. ആശുപത്രിയിൽ അല്ലാതെ മരണം സംഭവിച്ചാൽ പൊലീസ്​ മൃതദേഹം ഫോറൻസിക്​ ലബോറട്ടറിയിലേക്ക്​ ​കൊണ്ടുപോകുകയും ഡോക്ടർ പരിശോധിച്ച്​ മരണ കാരണം ക​ണ്ടെത്തും.

ശേഷം ഇവിടെ നിന്നുള്ള ഡെത്ത്​ നോട്ടിഫിക്കേഷന്‍റെകോപ്പി ഹെൽത്ത്​ സെന്‍ററിൽ ഹാജരാക്കിയാൽ മരണ സർട്ടിഫിക്കറ്റ്​ ലഭിക്കും. ഇതിനിടയിൽ മരിച്ചയാളുടെ വിസ കാൻസൽ ചെയ്യണം. ഇതിനായി അയാൾ ജോലി ചെയ്തിരുന്ന കമ്പനി​ ഓൺലൈനായി അപേക്ഷ നൽകണം. കമ്പനി വിസ അല്ലെങ്കിൽ ആമർ സെന്‍ററിൽ നിന്നും വിസ റദ്ദാക്കാം. കൂടാതെ കോൺസുലേറ്റിൽ നിന്നോ എംബസിയിൽ നിന്നോ പാസ്​പോർട്ട്​ കാൻസൽ ചെയ്യണം.

ഇതിന്​ ബന്ധുക്കളുടെ പവർ ഓഫ്​ അറ്റോണി ആവശ്യമാണ്​. തുടർന്ന്​ വീണ്ടും പൊലീസ്​ സ്​റ്റേഷനിൽ നിന്ന്​ എംബാമിങ്​ സെന്‍ററിലേക്കും എയർപോർട്ടിലേക്കുമുള്ള സർട്ടിഫിക്കറ്റ്​ വാങ്ങണം. ഇത്​ മോർച്ചറിയിൽ സമർപ്പിച്ചാൽ മൃതദേഹം എംബാമിങ്​ സെന്‍ററിന്​ വിട്ടു നൽകും.

എംബാമിങ്​ നടപടി പൂർത്തിയാക്കിയ ശേഷമാണ്​ വിമാനത്താവളങ്ങളിലേക്ക്​ മൃതദേഹം കൊണ്ടുപോകുക. മൃതദേഹം എയർപോർട്ടിൽ എത്തിക്കുന്നതിന്​ മുമ്പായി കാർഗോ ബുക്ക്​ ചെയ്യണം. നാട്ടിലെ വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങുന്നയാളുടെ ആധാർ കാർഡിന്‍റെ കോപ്പി​, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ ഹാജരാക്കിയാൽ കാർഗോ ബുക്ക്​ ചെയ്യാം. ദുബൈയിൽ മരിച്ചയാളെ ഷാർജ വിമാനത്താവളം വഴി കൊണ്ടുപോകണമെങ്കിൽ ഷാർജ ഇമിഗ്രേഷന്‍റെ സീൽ പതിച്ച എൻ.ഒ.സി ആവശ്യമാണ്​. എന്നാൽ, ദുബൈയിൽ നിന്ന്​ ഷാർജ എയർപോർട്ടിലേക്ക്​ മൃതദേഹം കൊണ്ടുപോകാനും 220 ദിർഹം മാത്രമാണ്​ ഈടാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bodychargeUAEdirhamsagents
News Summary - The cost of repatriating the body is 5,160 dirhams, while agents charge 10,000.
Next Story