ഹത്ത ജലവൈദ്യുതി നിലയം നിർമാണം അവസാന ഘട്ടത്തിൽ
text_fieldsഹത്ത ജലവൈദ്യുതി പദ്ധതി സ്ഥലം സന്ദർശിച്ച് വിശദാംശങ്ങൾ ചോദിച്ചറിയുന്ന ശൈഖ് ഹംദാൻ
ദുബൈ: മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഹത്ത ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് നിർമാണം അവസാനഘട്ടത്തിൽ. കെട്ടിട സമുച്ചയങ്ങളുടെയും അനുബന്ധ സംവിധാനങ്ങളുടെയും നിർമാണം 80 ശതമാനം പിന്നിട്ടതായി അധികൃതർ വെളിപ്പെടുത്തി.
പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്താൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം ഹത്ത സന്ദർശിച്ചിരുന്നു. ഇതോടനുബന്ധിച്ചാണ് നിർമാണപുരോഗതി അധികൃതർ വെളിപ്പെടുത്തിയത്.
ഹത്ത ജലവൈദ്യുതി പദ്ധതി നിലയം നിർമാണം 2025ൽ പൂർത്തീകരിച്ച് പൂർണപ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ദുബൈ ജല-വൈദ്യുതി വകുപ്പിന്റെ (ദീവ) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2050ഓടെ ദുബൈയുടെ ഊർജമേഖല സമ്പൂർണമായും പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തിന് പദ്ധതി വലിയ സംഭാവന ചെയ്യും. പ്ലാന്റിന്റെ സുപ്രധാന ഭാഗമായ അപ്പർഡാമിന്റെ കോൺക്രീറ്റ് ഭിത്തിയുടെ നിർമാണവും വാട്ടർ ടണലിന്റെ കോൺക്രീറ്റ് ലൈനിങ്ങും പൂർത്തിയായി. നിർമാണപുരോഗതി വിലയിരുത്താൻ എത്തിയ ശൈഖ് ഹംദാനെ ‘ദീവ’മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ സഈദ് മുഹമ്മദ് അൽതായർ അനുഗമിച്ചു.
രണ്ട് ഡാമുകളുമായി ബന്ധിപ്പിക്കുന്ന 1.2 കി.മീ. നീളമുള്ള ടണൽ, പവർ ജനറേറ്ററുകൾ, അപ്പർ ഡാം എന്നിവ അടക്കം പ്രധാനപ്പെട്ട ഭാഗങ്ങളുടെയെല്ലാം നിർമാണം അന്തിമഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. മുകളിലെ അണക്കെട്ടിൽ സംഭരിക്കുന്ന വെള്ളം ഭൂഗർഭ ടണലിലൂടെ കറങ്ങുന്ന ടർബൈനിലെത്തിച്ച് വൈദ്യുതോർജമാക്കി മാറ്റി ‘ദീവ’പവർ ഗ്രിഡിലേക്ക് അയക്കുന്നതാണ് പ്ലാന്റിന്റെ പ്രവർത്തനരീതി. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്ക് ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ഉപയോഗിച്ച വെള്ളം ടണലിലൂടെ പമ്പ് ചെയ്ത് അപ്പർ ഡാമിലേക്ക് തിരികെ എത്തിക്കുകയും ചെയ്യും. ഇതിലൂടെ പദ്ധതി 100 ശതമാനം പുനരുപയോഗപ്രദമാക്കാനാണ് ലക്ഷ്യമിടുന്നത്. 250 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള പ്ലാന്റിന് 80 വർഷമാണ് ആയുസ്സ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

