കുടുംബ മജ്ലിസ് സംഘടിപ്പിച്ച് കമ്യൂണിറ്റി പൊലീസ്
text_fieldsറാസല്‍ഖൈമയില്‍ നടന്ന കുടുംബ മജ്ലിസ്
റാസല്‍ഖൈമ: യു.എ.ഇ കുടുംബ വര്‍ഷാചരണത്തോടനുബന്ധിച്ച് ‘മജ്ലിസുകള് നമ്മെ ഒരുമിപ്പിക്കുന്നു, സുരക്ഷിത കുടുംബ മജ്ലിസുകള്’ എന്ന വിഷയത്തില്‍ റാസല്‍ഖൈമയില്‍ കുടുംബ സംഗമം സംഘടിപ്പിച്ച് കമ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആൻഡ് പ്രിവന്‍ഷന്‍ വകുപ്പ്. കുടുംബ - സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതില്‍ മജ്ലിസുകൾ സുപ്രധാന പങ്കുവഹിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരേതനായ സാലിം സഈദ് ഹലൂക്ക അല്‍ ഖാതിരിയുടെ വസതിയില്‍ നടന്ന മജ്ലിസില്‍ സാമൂഹിക സ്ഥിരത, സജീവവും സൃഷ്ടിപരവുമായ സംവാദ സംസ്കാരം വളര്‍ത്തുന്നതിന്റെ പ്രാധാന്യം, സുരക്ഷിതവും ഐക്യത്തോടെയുമുള്ള കുടുംബങ്ങളെ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
സമൂഹ പങ്കാളിത്തവും ഉത്തരവാദിത്തബോധവും ശക്തിപ്പെടുത്തുന്നതിനുതകുന്ന ചടങ്ങില്‍ സമൂഹത്തിലെ സ്വാധീനമുള്ള വനിതാ വ്യക്തിത്വങ്ങള്‍ അവരുടെ അനുഭവങ്ങളും ആശയങ്ങളും സദസ്സുമായി പങ്കുവെച്ചു. സമൂഹ പങ്കാളിത്തം, സാമൂഹിക പിന്തുണ, സാമൂഹിക-മാനസിക-വിദ്യാഭ്യാസ മേഖലകള്‍, കുട്ടികളുടെ കഴിവുകളും പ്രതിഭകളും തിരിച്ചറിഞ്ഞ് വികസിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
കുടുംബ സംവാദത്തിന്റെ പ്രാധാന്യം, സാമൂഹിക പ്രശ്നങ്ങള്‍ മുന്‍കൂട്ടി തടയുന്നതില്‍ കുടുംബത്തിന്റെ പങ്ക്, സുരക്ഷിതവും സ്ഥിരതയുമുള്ള കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ സമൂഹത്തിന്റെ ഉത്തരവാദിത്തം തുടങ്ങിയവ മുന്‍നിര്‍ത്തി ചോദ്യോത്തര സെഷനും നടന്നു. മജ്ലിസുകളെ സംവാദത്തിന്റെയും ഐക്യത്തിന്റെയും പാലങ്ങളാക്കി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എമിറേറ്റില്‍ പരിപാടികള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

