ഓണത്തിരക്കിൽ നഗരം
text_fieldsദുബൈ: നാടിന്റെ ഓർമകളിലേക്ക് പ്രവാസികളെ കൂട്ടിക്കൊണ്ടുപോകുന്ന ഓണാഘോഷത്തിരക്കിലേക്ക് മലയാളി സമൂഹം. ഒരാഴ്ച മുമ്പ് തുടങ്ങിയ ഓണത്തിരക്ക് ഇന്ന് ഉത്രാടപ്പാച്ചിലോടെ സജീവമാകും. ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തി സാധനങ്ങൾ വാങ്ങാൻ പ്രവാസികൾ നഗരത്തിലേക്കിറങ്ങുന്ന ദിവസമാണിന്ന്.
നാളത്തെ തിരുവോണ സദ്യക്ക് കൂട്ടൊരുക്കാൻ ഇന്നുതന്നെ സാധനങ്ങളെല്ലാം അടുക്കളയിലെത്തും. അത്തം പിറന്നതിനു പിന്നാലെ, കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തന്നെ ഓണാഘോഷങ്ങളും തുടങ്ങിയിരുന്നു. വാരാന്ത്യ അവധിയിൽ വിവിധ മലയാളി സംഘടനകൾ വൈവിധ്യമാർന്ന ഓണപ്പരിപാടികളുമായി ഒത്തുകൂടി. വ്യാഴാഴ്ച തിരുവോണത്തെ വരവേൽക്കാനിരിക്കെ, പ്രവാസി വീടുകൾ പുക്കളമൊരുക്കിയും ഓണപ്പുടവ വാങ്ങിയും സദ്യവട്ടത്തിന് ഒരുക്കം കൂട്ടിയും ഓണത്തെ സ്വാഗതം ചെയ്യുന്നു. ഇന്ന് പ്രവൃത്തി ദിനമായതിനാൽ തിരക്കിനിടയിലായിരിക്കും പ്രവാസികളുടെ ഉത്രാടപ്പാച്ചിൽ.
രണ്ടു വർഷമായി വീട്ടിലിരുത്തിയ കോവിഡിനെ, പടിക്ക് പുറത്താക്കിയാണ് പ്രവാസ ലോകം വർണാഭമായി ഓണാഘോഷം സംഘടിപ്പിക്കാനൊരുങ്ങുന്നത്. മുൻവർഷങ്ങളിൽ ചെറിയ രീതിയിൽ ആഘോഷം നടന്നിരുന്നെങ്കിലും വലിയ കൂട്ടായ്മകളും വമ്പൻ സദ്യകളുമുണ്ടായിരുന്നില്ല. എന്നാൽ, ഇക്കുറി 10000ലേറെ പേർ പങ്കെടുക്കുന്ന സദ്യകളൊരുക്കി സംഘടനകൾ രംഗത്തുണ്ട്.
ഇലനിറച്ച് ഓണസദ്യ
കടലിനിക്കരെയാണെങ്കിലും നാട്ടുരുചിയിൽത്തന്നെ ഓണസദ്യ തീൻമേശയിലെത്തുമെന്നതാണ് സവിശേഷത. അത്തം പിറക്കുമ്പോഴേക്കും ഹൈപ്പർ മാർക്കറ്റുകൾ മുതൽ റസ്റ്റാറന്റുകളും ചെറുകിട ഹോട്ടലുകളുമെല്ലാം തന്നെ ഇത്തവണ ഓണസദ്യ പ്രഖ്യാപിച്ചുകഴിഞ്ഞു.
മുൻകാലങ്ങളിൽ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളിലും റസ്റ്റാറന്റുകളിലുമായി ഓണസദ്യ ഒരുക്കിയതെങ്കിൽ ഇപ്പോൾ കൂടുതൽ ഇടങ്ങളിൽ സദ്യ ലഭിക്കുന്നുണ്ട്. 30 ദിർഹം മുതൽ സദ്യ ലഭ്യമാണ്. 'റെഡിമെയ്ഡ്' ഓണസദ്യകൾ ആയിരിക്കും സ്ഥാപനങ്ങളെല്ലാം ആശ്രയിക്കുക. മുൻകൂർ ബുക്ക് ചെയ്താൽ സദ്യ വീട്ടിലെത്തും. ഇന്നുമുതലാണ് സദ്യ വിളമ്പിത്തുടങ്ങുന്നത്. 11വരെ ചില സ്ഥാപനങ്ങൾ സദ്യ ഓഫർ ചെയ്തിട്ടുണ്ട്.
എന്നാൽ, ചെറുകിട ഹോട്ടലുകൾ തിരുവോണ ദിനത്തിൽ മാത്രമാണ് സദ്യ നൽകുന്നത്. ഷാർജ ഒഴികെയുള്ള എമിറേറ്റുകളിൽ വെള്ളിയാഴ്ച പ്രവൃത്തി ദിനമായതിനാൽ ശനി, ഞായർ ദിവസങ്ങളിലായിരിക്കും പ്രവാസി സംഘടനകളുടെ ആഘോഷം. പച്ചക്കറികളുമായും ഓണപ്പുടവകളുമായും വിപണി സജീവമാണ്. നേരിട്ടെത്തി സാധനങ്ങൾ വാങ്ങി സ്വന്തമായി സദ്യവട്ടം ഒരുക്കുന്നവരും കുറവല്ലെന്ന് വ്യാപാരികൾ പറയുന്നു.
പൂക്കളങ്ങൾ സജീവം
മുൻ വർഷങ്ങളേക്കാൾ പൂക്കളമൊരുക്കുന്നതിലും പ്രവാസി മലയാളികൾ സജീവമായി രംഗത്തുണ്ട്. തിരുവോണമെത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ പൂക്കൾക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ടായതായി ഹൈപ്പർ മാർക്കറ്റുകാർ പറയുന്നു. വീടുകളിലും താമസ സ്ഥലങ്ങളിലും പൂക്കളമൊരുക്കുന്നതുമുതൽ വിവിധ കമ്യൂണിറ്റി സംഘടനകളുടെ മത്സരങ്ങൾക്കുമായി പൂക്കൾക്ക് ആവശ്യക്കാരേറെയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒത്തുചേർന്നും ഒന്നിച്ചുമുള്ള മത്സരങ്ങൾ കുറവായിരുന്നു. എന്നാൽ, ഇത്തവണ ആഘോഷവും മറ്റും നേരത്തേ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

