കുട്ടികൾ ഇന്ന് പുതിയ ക്ലാസിലേക്ക്
text_fieldsചിത്രം: റഊഫ് ഒളവട്ടൂർ
അൽഐൻ: ദുബൈ ഒഴികെയുള്ള എമിറേറ്റുകളിലെ ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ ഞായറാഴ്ച പുതിയ അധ്യയന വർഷത്തിന് തുടക്കം. ദുബൈയിലെ സ്കൂളുകളിൽ നാലിന് പുതിയ അധ്യയന വർഷം തുടങ്ങിയിരുന്നു.മൂന്ന് ആഴ്ചയോളം വരുന്ന വസന്തകാല അവധിക്ക് ശേഷമാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്. ആയിരക്കണക്കിന് വിദ്യാർഥികൾ പുതുതായി സ്കൂളുകളിൽ എത്തും. വിദ്യാർഥികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പുകളും നടത്തിയത്.
ഷാർജയിലെയും അജ്മാനിലെയും സ്കൂളുകളിൽ ഈ ആദ്യപാദത്തിൽ ഓൺലൈൻ പഠനം മാത്രമാണ്. എന്നാൽ, അബൂദബിയിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷാരംഭത്തിലും മുഴുവൻ ക്ലാസുകളിലെയും വിദ്യാർഥികൾക്കും ഓൺലൈൻ പഠനമോ ക്ലാസ്മുറിയിലെ പഠനമോ തെരഞ്ഞടുക്കാൻ രക്ഷിതാക്കൾക്ക് അനുവാദമുണ്ട്.
12 വയസ്സിന് മുകളിലുള്ള മുഴുവൻ വിദ്യാർഥികൾക്കും സ്കൂളിൽ പ്രവേശിക്കണമെങ്കിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. റമദാൻ സമയക്രമമനുസരിച്ചാണ് ഞായറാഴ്ച മുതൽ സ്കൂളുകൾ പ്രവർത്തിക്കുക. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ഈ അധ്യയന വർഷത്തിലും അബൂദബിയിൽ സ്കൂളുകളിൽ നേരിട്ടുള്ള പഠനം തുടരുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെ കർശന പരിശോധനകളും തുടർന്നു വരുന്നുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സാധാരണ നടക്കാറുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ മേയ് നാലിനാണ് ആരംഭിക്കുക. അതിനാൽ യു.എ.ഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പതിനൊന്നാം ക്ലാസുകളിൽ അധ്യയനം ബോർഡ് പരീക്ഷകൾ കഴിഞ്ഞതിന് ശേഷമേ ആരംഭിക്കൂ.
അതേസമയം, മുൻകാലങ്ങളെ അപേക്ഷിച്ച് ഇക്കുറി സ്കൂളുകളിൽ അഡ്മിഷന് തിരക്ക് കുറവാണ്.നറുക്കെടുപ്പ് നടത്തി കുട്ടികൾക്ക് അഡ്മിഷൻ നടത്തിയിരുന്ന സ്ഥാനത്ത് ചില സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ചെലവ് കുറക്കലിെൻറ ഭാഗമായി കുടുംബത്തെ നാട്ടിലേക്കയച്ചതോടെയാണ് കുട്ടികളുടെ എണ്ണം കുറഞ്ഞത്.

