ഹത്തയിൽ കാമ്പിങ് സീസൺ ഒക്ടോബർ ഒന്നുമുതൽ
text_fieldsഹത്ത കാമ്പിങ് പ്രദേശം
ദുബൈ: എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹത്തയിൽ ഇത്തവണ കാമ്പിങ് സീസൺ ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കും. വേനൽക്കാലം അവസാനിച്ച് തണുപ്പുകാലം ആരംഭിക്കുന്നതോടെ തുടങ്ങുന്ന കാമ്പിങ് ഏഴു മാസം നീണ്ടുനിൽക്കും. 'ഹത്ത റിസോർട്സ് ആൻഡ് ഹത്ത വാദി ഹബി'െൻറ നാലാം എഡിഷനാണ് ഇത്തവണ നടക്കുന്നത്. പുതിയ സീസണിൽ രണ്ടു പുതിയ ആകർഷണങ്ങൾകൂടി സന്ദർശകർക്ക് ഒരുക്കിയിട്ടുണ്ട്. ഹത്ത കാരവൻ പാർകാണ് കാമ്പിങ്ങിനെത്തുന്നവരെ ആകർഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. മേഖലയിലെ ആദ്യത്തെ ആഡംബര കാരവൻ പാർക്കായ ഇതിൽ ഡീലക്സ് ഇൻറീരിയറാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, ടെലിവിഷൻ, ചെറു കുക്കിങ് ഏരിയ, സൗജന്യ വൈഫൈ ആക്സസ് എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങളും ഇതു നൽകുന്നു. ഓരോ കാരവനും രൂപകൽപന ചെയ്തിരിക്കുന്നത് രണ്ടു മുതിർന്നവർക്കും രണ്ടു മുതൽ മൂന്നു കുട്ടികൾക്കു വരെ കഴിയാവുന്ന രീതിയിലാണ്. രാത്രിക്ക് 1,350 ദിർഹമാണ് ഒരു കാരവെൻറ വില. ഹത്ത ഡോം പാർക്, പർവത ലോഡ്ജുകൾ എന്നിവയും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഹത്ത വാദി ഹബിൽ സ്വന്തമായി കാമ്പിങ്ങിനുള്ള സൗകര്യവും ഇത്തവണയുണ്ടാകും. ഹത്തയുടെ രാത്രികാല സൗന്ദര്യവും ആകാശക്കാഴ്ചകളും കാണാൻ നിരവധി പേരാണ് കഴിഞ്ഞ സീസണുകളിൽ ഇവിടെ എത്തിയിരുന്നത്. 2018 ൽ ആദ്യമായി പൊതുജനങ്ങൾക്കായി തുറന്നതിനുശേഷം 120 ലധികം രാജ്യങ്ങളിൽ നിന്നായി 11 ലക്ഷത്തിലധികം സന്ദർശകർ ഇവിടെ എത്തിയിട്ടുണ്ട്. ദുബൈ ഹോൾഡിങ്സിന് കീഴിലാണ് വിനോദസഞ്ചാരികൾക്കായി ഇത് ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

