അൽ ഇത്തിഹാദ് സ്ട്രീറ്റിൽ പാലം തുറന്നു
text_fieldsഗതാഗതത്തിനായി തുറന്നുകൊടുത്ത അൽ ഇത്തിഹാദ് സ്ട്രീറ്റിലെ പാലം
അജ്മാന്: അജ്മാന് ഇത്തിഹാദ് സ്ട്രീറ്റില്‍ പണി പൂര്‍ത്തിയായ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. അൽ ഇത്തിഹാദ് സ്ട്രീറ്റ് പദ്ധതിയുടെ ആദ്യ ഘട്ടമായി നിർമിച്ച പാലമാണ് അജ്മാന് നഗരസഭ ഞായറാഴ്ച തുറന്നുകൊടുത്തത്. ഒക്ടോബറോടെ പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ട പാലമാണ് മൂന്നു മാസംകൊണ്ട് ഗതാഗതയോഗ്യമാക്കിയത്.
കഴിഞ്ഞ വർഷം 2022 ജൂലൈയിൽ ആരംഭിച്ച വികസനപ്രവർത്തനങ്ങള്‍ നിശ്ചിത തീയതിക്ക് മുമ്പായി ആദ്യ ഘട്ടങ്ങൾ പൂർത്തിയാക്കാൻ വകുപ്പിന് കഴിഞ്ഞതായി ഡിപ്പാർട്മെന്റിലെ അടിസ്ഥാന സൗകര്യ വികസന മേഖല എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അഹമ്മദ് ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു. അൽ ഇത്തിഹാദ് സ്ട്രീറ്റിൽ വരുന്ന വാഹനങ്ങൾക്കായി മൂന്നുവരിപ്പാതകൾ ഉൾക്കൊള്ളുന്ന പാലത്തിന്റെ നിർമാണം യാഥാർഥ്യമാകുന്നതോടെ മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നുപോകാനും യാത്രാസമയം 50 ശതമാനം വരെ കുറയാനുമുള്ള സൗകര്യമുണ്ടാകും.
ഏകദേശം ഏഴു കോടി പതിനാറു ലക്ഷം ദിര്‍ഹം ചെലവഴിച്ചാണ് ഇത്തിഹാദ് സ്ട്രീറ്റ് വികസനം അജ്മാന് നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്നത്. പദ്ധതി രണ്ടാംഘട്ട പൂര്‍ത്തീകരണം ഉടനെയുണ്ടാകും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അജ്മാന് വ്യവസായിക മേഖലയിലേക്കും നുഐമിയ പ്രദേശത്തേക്കും ഗതാഗത സൗകര്യം എളുപ്പമാകുന്നതോടൊപ്പം ഇത്തിഹാദ് റോഡിലെ ഗതാഗതക്കുരുക്കിനും അറുതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

