കാനഡ യാത്രികന്‍റെ ബാഗ് ഒരു മാസമായിട്ടും യു.എ.ഇയിൽ എത്തിയില്ല
text_fields(ഫയൽ ചിത്രം)
അൽഐൻ: കാനഡയിൽനിന്ന് യു.എ.ഇയിൽ എത്തിയ വിദ്യാർഥിയുടെ ബാഗേജ് ഒരുമാസം കഴിഞ്ഞിട്ടും ഇവിടെ എത്തിയില്ലെന്ന് പരാതി. കാനഡയിൽ പഠിക്കുന്ന മലയാളി വിദ്യാർഥിക്കാണ് ദുരനുഭവം. അൽഐനിലുള്ള കുടുംബാംഗങ്ങളുടെ അടുക്കലേക്ക് കഴിഞ്ഞ മാസം ഏഴിനാണ് എയർകാനഡ വിമാനത്തിൽ എത്തിയത്. ചെക്ക് ഇൻ സമയത്ത് ബാഗ് നൽകിയിരുന്നെങ്കിലും യു.എ.ഇയിൽ എത്തിയിട്ടും കിട്ടിയില്ല. എയർപോർട്ട് സേവനദാതാക്കളായ ദുബൈയിലെ ഡനാറ്റ അധികൃതരോട് അന്വേഷിച്ചെങ്കിലും കാനഡയിൽനിന്ന് ഇങ്ങനെയൊരു ബാഗേജ് വന്നിട്ടില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ, എയർ കാനഡ അധികൃതരോട് വിവരം അന്വേഷിച്ചെങ്കിലും മറുപടിയില്ല. ഇ-മെയിൽ വഴിയും മറ്റും പല തവണ പരാതി അയച്ചെങ്കിലും പ്രതികരണമില്ല.
ടോൾഫ്രീ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല. അവരുടെ ഓഫിസിനു മുന്നിൽ പോയെങ്കിലും ആരും മറുപടി പറയാൻ തയാറായില്ല. വ്യാഴാഴ്ച കാനഡയിൽ മടങ്ങിയെത്തിയ വിദ്യാർഥി എയർകാനഡ ഓഫിസിൽ നേരിട്ടെത്തിയെങ്കിലും ഓൺലൈനിൽ ബന്ധപ്പെടാനാണ് അവർ പറയുന്നത്. ഓൺലൈനിൽ ബന്ധപ്പെടുമ്പോൾ മറുപടിയില്ലെന്നും ഇവർ ആരോപിക്കുന്നു. അതേസമയം, ബാഗേജ് നഷ്ടമാകുന്നവരുടെ എണ്ണം കുറഞ്ഞുവെന്നാണ് എയർകാനഡയുടെ പുതിയ പ്രസ്താവനയിൽ പറയുന്നത്. 2019നെ അപേക്ഷിച്ച് പരാതികളിൽ രണ്ടര ഇരട്ടി കുറവുണ്ടായെന്നാണ് ഇവരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

