'യു.എ.ഇ പാസ്’ ഉപയോഗിച്ച് തട്ടിപ്പെന്ന അഭ്യൂഹം തള്ളി അതോറിറ്റി
text_fieldsദുബൈ: ‘യു.എ.ഇ പാസ്’ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായ ആരോപണം തള്ളി ടെലികമ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ ഗവ. അതോറിറ്റി (ടി.ഡി.ആർ.എ). ഇതു സംബന്ധിച്ച് ചില സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭിപ്രായങ്ങളാണ് അതോറിറ്റി എക്സ് അക്കൗണ്ടിലെ പോസ്റ്റിലൂടെ തള്ളിയിരിക്കുന്നത്. ‘യു.എ.ഇ പാസ്’ ആപ്ലിക്കേഷൻ വളരെ സുരക്ഷിതമാണെന്നും ഉപയോക്താക്കൾ നോട്ടിഫിക്കേഷനുകളും ലോഗിൻ റിക്വസ്റ്റുകളും ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ടി.ഡി.ആർ.എ നിർദേശിച്ചു.
ഇത്തരം ലോഗിൻ റിക്വസ്റ്റുകളിൽ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് ആധികാരികത ഉറപ്പുവരുത്തണമെന്നും യു.എ.ഇ പാസ് അനധികൃതമായി ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്ക് ആക്സസ് നൽകുന്നതിൽ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ വകുപ്പുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഔദ്യോഗിക രേഖകൾ അപ്ലോഡ് ചെയ്യാനും പങ്കുവെക്കാനും താമസക്കാർ ഉപയോഗിക്കുന്ന ആപ്പാണ് യു.എ.ഇ പാസ്.

