ഒരുകടമ്പകൂടി പിന്നിട്ടു; ‘എയര്‍ കേരള’ക്ക് എയര്‍ലൈന്‍ കോഡ്
text_fieldsദുബൈ: പ്രവാസി സംരംഭകരുടെ നേതൃത്വത്തിൽ യാഥാർഥ്യമാകാനിരിക്കുന്ന സ്വപ്ന പദ്ധതിയായ ‘എയർ കേരള’ ഒരു കടമ്പകൂടി കടന്നു. അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷന്‍റെ (അയാട്ട) എയര്‍ലൈന്‍ കോഡ് എയര്‍ കേരളക്ക് ലഭിച്ചു. എയര്‍ കേരളയുടെ സി.ഇ.ഒ ഹരീഷ് കുട്ടിയാണ് ഇത് സംബന്ധിച്ച് അറിയിച്ചത്. കെ.ഡി എന്നാണ് അയാട്ട അനുവദിച്ച കോഡ്.
എയര്‍ ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എ.ഒ.സി) കൂടി ലഭിക്കാനുള്ള പരിശ്രമത്തിലാണ് കമ്പനി. കേരള ഡ്രീം എന്നതിന്‍റെ ചുരുക്കപ്പേരായി കെ.ഡിയെ പരിഗണിക്കാമെന്ന് എയര്‍ കേരളയുടെ സ്ഥാപകനും ചെയര്‍മാനുമായ അഫി അഹമ്മദ് പറഞ്ഞു. പ്രവാസി മലയാളികളുടെ സ്വപ്‌നം എന്ന നിലയിലാണ് ‘കേരള ഡ്രീമാ’യി കണക്കാക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ടു ദുബൈ, കേരള ടു ദോഹ എന്നിങ്ങനെ പല അര്‍ഥവും കെ.ഡിക്ക് കാണാവുന്നതാണ്. എയര്‍ കേരള എന്ന വിമാന കമ്പനി യാഥാര്‍ഥ്യമാകുന്നതിലേക്ക് അടുക്കുന്നു എന്ന സന്തോഷമുണ്ട് -അഫി അഹമ്മദ് കൂട്ടിച്ചേർന്നു.
എ.ഒ.സി അടുത്ത മാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ രണ്ട് അക്ഷരങ്ങളോ, അല്ലെങ്കില്‍ ഒരു അക്ഷരവും ഒരു അക്കവും ചേര്‍ന്നതോ ആയിരിക്കും അയാട്ട നല്‍കുന്ന കോഡ്. എയര്‍ ഇന്ത്യയുടെ കോഡ് എ.ഐ എന്നാണ്. ഇന്‍ഡിഗോയുടേത് 6ഇ എന്നുമാണ്. കഴിഞ്ഞ മാസം എയര്‍ കേരളയുടെ കേരളത്തിലെ കോര്‍പറേറ്റ് ഓഫിസ് ആലുവയില്‍ തുറന്നിരുന്നു. മൂന്ന് നിലകളിലായി അത്യാധുനിക പരിശീലന സൗകര്യങ്ങൾ ഉൾപ്പെടെ വിശാലമായ ഓഫിസ് സമുച്ചയം ആലുവ മെട്രോ സ്റ്റേഷനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്.
ഒരേ സമയം 200ൽപരം വ്യോമയാന വിദഗ്ധർക്ക് ജോലി ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഓഫിസ് ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ സ്ഥാപനത്തിൽ 750ലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മാനേജ്മെന്‍റ് അറിയിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവിസ് ആരംഭിക്കുന്ന എയർ കേരള വൈകാതെ അന്താരാഷ്ട്ര സർവിസിനും തുടക്കമിടും. എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും. 76 സീറ്റുകളുള്ള എ.ടി.ആർ വിമാനങ്ങളാണ് സർവിസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

