സുഹൃത്തിനെ കൊലപ്പെടുത്തി മുങ്ങി; ആറു മണിക്കൂറിനുള്ളില്‍ പിടിയിലായി
text_fieldsഅജ്മാന്: ഒപ്പം താമസിക്കുന്നയാളെ കൊലപ്പെടുത്തി മുങ്ങിയ പ്രതിയെ ആറു മണിക്കൂറിനുള്ളില്‍ പിടികൂടി അജ്മാന് പൊലീസ്. അജ്മാന് വ്യവസായ മേഖലയിലെ തൊഴിലാളികളുടെ താമസസ്ഥലത്താണ് കൊലപാതകം നടന്നത്. തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സംഭവസ്ഥലത്ത് എത്തുന്നതെന്ന് അജ്മാൻ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻസ് വകുപ്പ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് സയീദ് അൽ നുഐമി പറഞ്ഞു.
പൊലീസ് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റിന്റെ ഉടമകളെ വിളിച്ചുവരുത്തി മൃതദേഹം പരിശോധിച്ചതിൽ നിന്നും മരിച്ചത് ഏഷ്യക്കാരനാണെന്ന് വ്യക്തമായി. തുടർന്ന് സാക്ഷികളുടെ മൊഴിയനുസരിച്ച് ഇയാൾക്കൊപ്പം താമസിച്ചിരുന്ന ഏഷ്യക്കാരനായി പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാല്‍, കൃത്യത്തിനു ശേഷം ഇയാൾ സ്ഥലം വിട്ടിരുന്നു. ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനായി ഇയാൾ എമിറേറ്റിലെ പലയിടങ്ങളിലും കറങ്ങിയെങ്കിലും ഒടുവിൽ അജ്മാന് കറാമയില്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. സംഭവം നടന്ന് ആറ് മണിക്കൂറിനകം പൊലീസ് ഇവിടെ നിന്ന് പ്രതിയെ പിടികൂടി. സാമ്പത്തികവിഷയത്തെ സംബന്ധിച്ച് ഇരുവരും തർക്കമുണ്ടായതായും ഇരയെ മരത്തടികൊണ്ട് അടിക്കുകയും തുടർന്ന് കത്തികൊണ്ട് കുത്തുകയും ചെയ്തതായി പ്രതി പൊലീസിനോട് സമ്മതിച്ചു. കുറ്റവാളിയെ റെക്കോഡ് സമയത്തിനുള്ളിൽ പിടികൂടാൻ കഴിഞ്ഞ അന്വേഷണ ഉദ്യോഗസ്ഥരെ അഹമ്മദ് സയീദ് അൽ നുഐമി പ്രശംസിച്ചു. ഏതെങ്കിലും കുറ്റകൃത്യമോ നിയമപ്രകാരം ശിക്ഷാർഹമായ മറ്റു ലംഘനങ്ങളോചെയ്യാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിയും അജ്മാൻ പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും മാതൃരാജ്യത്തിന്റെ സുരക്ഷയെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയിൽ കൈകടത്താൻ ചിന്തിക്കുന്ന ആരെയും ശക്തമായി നേരിടുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

