ഉമ്മുൽ ഖുവൈനിൽ ആലിപ്പഴമേളം
text_fieldsഉമ്മുല്‍ഖുവൈന്‍: കനത്ത മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉമ്മുല്‍ഖുവൈനിലും. മഴക്ക് മുന്നോടിയായി ശക്തമായ ഇടിമിന്നലാണ് പ്രദേശങ്ങളില്‍ അനുഭവപ്പെട്ടത്. മഴയോടൊപ്പം ആലിപ്പഴവര്‍ഷവും കഴിഞ്ഞ രാത്രിയില്‍ അനുഭവപ്പെട്ടു. നാടിന് സമാനമായ കാലാവസ്ഥയില്‍ കുട്ടികള്‍ കടലാസ് തോണി നീറ്റിലിറക്കി ആഘോഷിച്ചു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്പോലെ മഴ തിമിര്‍ത്ത് പെയ്തതെന്ന് ഉമ്മുല്‍ഖുവൈനിലെ മുതിർന്നവർ പറയുന്നു. ദിവസങ്ങളോളം അന്നത്തെ മഴ നീണ്ട് നിന്നിരുന്നു. വില്ലകളിലും തൊഴിലാളികളുടെ താമസസ്ഥലത്തും അന്ന് വെള്ളം കയറി പ്രയാസപ്പെട്ടത് പലരും ഓർക്കുന്നു. മഴ ഇനിയും തുടരുകയാണെങ്കില്‍ സമാന അനുഭവം ഉണ്ടായേക്കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികള്‍.
തിമിര്‍ത്ത് പെയ്യുന്ന മഴ റോഡുകളിലും താമസ സ്ഥലങ്ങളിലും തടസ്സം ഉണ്ടാക്കുന്നുണ്ടെങ്കിലും ശുദ്ധ ജല സ്രോതസായ സുറയിലെ കിണറുകളില്‍ ഇത് ജല നിരപ്പ് ഉയരാന്‍ സഹായകരമാകും. മലയാളികളടക്കം അനവധിപേരാണ് എമിറേറ്റില്‍ കൃഷി ചെയ്ത് വരുന്നത്. ഫലാജുല്‍ മുഅല്ല ഭാഗങ്ങളിലെ കൃഷിയിടങ്ങള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജല ദൗര്‍ലഭ്യം കാരണം കരിഞ്ഞുണങ്ങിയിരുന്നു. അതിനാല്‍ ഈ മഴ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന് കര്‍ഷകര്‍ പറയുന്നു.
ബസാര്‍ മുതല്‍ മനാമവരെയുള്ള റോഡുകളിലും ജനവാസ ഭാഗങ്ങളിലും വലിയ വെള്ളക്കെട്ടുകളാണ് ഇപ്പോള്‍ ഉള്ളത്. വൈദ്യുത കാര്യാലയത്തിനടുത്തും എമിഗ്രേഷന്‍ റോഡിലും ആളുകള്‍ക്ക് നടന്ന് പോകാന്‍ പറ്റാത്തവിധം ജലം നിറഞ്ഞിരിക്കയാണ്. ഈ റോഡ് വിദ്യാര്‍ഥികള്‍ സ്കൂളുകളിലേക്ക് പോകാന്‍ ഉപയോഗിക്കുന്ന പ്രധാന പാതയാണ്. മഴക്കൊടുവില്‍ കടുത്ത തണുപ്പാണ് മുന്‍കാലങ്ങളില്‍ ഇവിടെ അനുഭവപ്പെടാറ്.
എന്നാല്‍ വേനല്‍ അടുത്തിരിക്കുന്ന കാലമായതിനാല്‍ എന്താണ് അടുത്ത പ്രതിഭാസമെന്നറിയാൻ കാത്തിരിക്കുക തന്നെ വേണ്ടിവരും. മഴയെ തുടര്‍ന്ന് തുണിക്കടകളിലും മറ്റും വെള്ളം കയറിയത് കച്ചവടക്കാര്‍ക്ക് നഷ്ടം വരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
