‘താങ്ക് യു ശൈഖ് ഹംദാൻ’; ദുബൈയിലലിഞ്ഞ് മിലൻ
text_fieldsമിലനും കുടുംബവും ബുർജ് ഖലീഫക്ക് മുമ്പിൽ
ദുബൈ: ‘എനിക്ക് ദുബൈയിൽ പോകണം, ദുബൈ ഒരു പ്ലാനറ്റാണ്’ - വളരെ വൈകാരികമായി അമ്മയോട് കരഞ്ഞുപറയുന്ന കുഞ്ഞുമിലന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായത് മൂന്നാഴ്ചകൾക്കു മുമ്പാണ്. ആ വീഡിയോ കണ്ട ലക്ഷക്കണക്കിനാളുകളിൽ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ഉൾപ്പെട്ടിരുന്നു. കെനിയയിൽനിന്നുള്ള കൊച്ചുബാലന് താമസംവിനാ തന്‍റെ സ്വപ്ന സാക്ഷാത്കാരത്തിന് അതോടെ അവസരമൊരുങ്ങുകയായിരുന്നു.
വെള്ളിയാഴ്ച മിലനും സഹോദരൻ ക്രിസ്റ്റഫറും മാതാപിതാക്കൾക്കൊപ്പം ആഹ്ലാദപൂർവം ദുബൈയുടെ മനോഹര കാഴ്ചകൾ ആസ്വദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ശൈഖ് ഹംദാൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ‘ദുബൈയുടെ കൊച്ചുകൂട്ടുകാരായ, കെനിയയിൽ നിന്നുള്ള മിലന്‍റെയും ക്രിസ്റ്റഫറിന്‍റെയും ആഹ്ലാദത്തിന് സാക്ഷിയായത് മഹത്തരമായി തോന്നുന്നു. ദുബൈ സന്ദർശനം നിങ്ങൾ ആസ്വദിച്ചുവെന്ന് ഞാൻ പ്രത്യാശിക്കുന്നു. സവിശേഷമായ കാഴ്ചകളും ശ്രദ്ധേയമായ ഇടങ്ങളും ആസ്വദിച്ചുള്ള ഈ യാത്രയിലെ മനോഹരമായ ഓർമകൾ നിങ്ങൾ കൂടെ കൊണ്ടുപോകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു’ -ശൈഖ് ഹംദാൻ ‘എക്സി’ൽ കുറിച്ചു. ദുബൈയിൽ പോകണമെന്ന് വാശിപിടിച്ചുകരയുന്ന മകനോട് ‘ഞാൻ കൂടുതൽ അധ്വാനിച്ച് കാശുണ്ടാക്കി ഒരിക്കൽ നിന്നെ കൊണ്ടുപോകാം’ എന്ന് മാതാവ് മരിയ ന്യാംബാനെ പറയുന്നതായിരുന്നു വൈറലായ വിഡിയോയിൽ ഉണ്ടായിരുന്നത്. ‘എത്രയും പെട്ടെന്ന് നിങ്ങളെ ദുബൈയിൽ കാണാൻ കഴിഞ്ഞാൽ അതേറെ സന്തോഷമാകും’ എന്ന് ആ വിഡിയോയോട് ശൈഖ് ഹംദാൻ പ്രതികരിച്ചിരുന്നു.
ഗ്രീൻ പ്ലാനറ്റിലെ പൂമ്പാറ്റയോടൊത്ത് സല്ലപിച്ചും സ്കൈ ദുബൈയിലെ പെൻഗ്വിനൊപ്പം കൂട്ടുകൂടിയും അത്ലാന്റിസ് അഡ്വഞ്ചർ വേൾഡിലെ ഡോൾഫിനുകളെ നിരീക്ഷിച്ചും മിലനും കുടുംബവും ദുബൈയെ ആഘോഷമാക്കുന്ന ദൃശ്യങ്ങളാണ് പുതിയ വിഡിയോയെ സവിശേഷമാക്കുന്നത്. ബുർജ് ഖലീഫക്ക് മുന്നിൽ ഉല്ലാസത്തോടെ അവർ ഫോട്ടോക്ക് പോസ് ചെയ്യുന്നു. ‘താങ്ക് യൂ ദുബൈ, താങ്ക് യൂ ശൈഖ് ഹംദാൻ’..മിലന്‍റെ ഈ നന്ദിപ്രകടനത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

