യു.എ.ഇ നിർമിത അത്യാധുനിക പട്രോള്‍ വാഹനം പരീക്ഷണം തുടങ്ങി
text_fieldsഇനറോണ് മാഗ്നസ് പട്രോൾ കാർ
അബൂദബി: യു.എ.ഇയില്‍ നിര്‍മിച്ച അത്യാധുനിക പട്രോള്‍ വാഹനമായ ഇനറോണ് മാഗ്നസിന്റെ പരീക്ഷണയോട്ടമാരംഭിച്ച് അബൂദബി പോലീസ്. 6.3 സെക്കന്‍ഡ് കൊണ്ട് 100 കി.മീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുണ്ട് മാഗ്നസിന്. 150 കി.മീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. മാഗ്നസ് കോര്‍ണിഷില്‍ എത്തിച്ച് വാഹനത്തിന്റെ സാങ്കേതിക വിദ്യകള്‍ അബൂദബി പൊലീസ് പ്രദര്‍ശിപ്പിച്ചു. അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്റസുഗി ഹോള്‍ഡിങ്ങിന്റെ ഉപകമ്പനിയായ ഇനറോണ് ആണ് കാര്‍ നിര്‍മിച്ചത്. കഴിഞ്ഞവര്‍ഷം ദുബൈയില്‍ അരങ്ങേറിയ ജൈടെക്സ് എക്സിബിഷനില്‍ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നു.
അബൂദബി പൊലീസുമായി സഹകരണം ഈ തലത്തിലെത്തിയതില് തങ്ങള്‍ അതിയായ അഭിമാനമുണ്ടെന്നും മൊബൈല്‍ കമാന്‍ഡ് സെന്ററായി വാഹനത്തെ വിന്യസിക്കാമെന്നും കിന്റ്സുഗി ഹോള്‍ഡിങ്ങിന്റെ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ റാഷിദ് അല്‍ മുഹ്തദി പറഞ്ഞു. ഇലക്ട്രിക് മോട്ടോറും ഡീസല്‍ എന്‍ജിനും സമന്വയിപ്പിച്ചിട്ടുള്ള ഈ വാഹനത്തിന് 900 കി.മീറ്റര്‍ സഞ്ചരിക്കാനാവും.
മണല്‍പരപ്പ് പോലുള്ള പ്രതികൂല സാഹചര്യങ്ങളില്‍ സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലാണ് വാഹനത്തിന്റെ ടയറുകളും സസ്പെന്ഷനുകളും മറ്റും സംവിധാനിച്ചിട്ടുള്ളത്. സ്ഫോടനങ്ങളെയും യന്ത്രത്തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടകളെയും ഗ്രനേഡുകളെയും പ്രതിരോധിക്കുന്നതാണ് വാഹനത്തിന്റെ കാബിനും ഡോര്ഗ്ലാസുകളും മുന്നിലെ ചില്ലുമെല്ലാം. കാബിനകത്ത് ഉള്ളവരെ രാസ ആക്രമണങ്ങളില്‍ നിന്നും വിഷലിപ്തമായ വായുവില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള സംവിധാനവും വാഹനത്തിലുണ്ട്. വാഹനത്തില്‍ 360 ഡിഗ്രി കാഴ്ചയൊരുക്കുന്ന 21 കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ പിന്നിലുള്ള രണ്ട് ഡ്രോണുകള്‍ നിരീക്ഷണത്തിനും മറ്റുമായി വിക്ഷേപിക്കാനാവും. സാം എന്നു വിളിക്കുന്ന എ.ഐ വോയ്സ് അസിസ്റ്റന്റും കാറിലുണ്ട്. ഡ്രോണുകള്‍ വിന്യസിക്കുന്നതിനും മറ്റും ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

