അജ്മാന് പാഡല്‍ ടെന്നിസ് ടൂര്‍ണമെന്റ് ജൂലൈ 13 മുതല്‍
text_fieldsഅജ്മാന്: അജ്മാൻ ടൂറിസം വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പാഡൽ ടെന്നിസ് ടൂർണമെന്റ് ജൂലൈ 13ന് തുടങ്ങും. എമിറേറ്റ്സിലെ കായിക വിനോദ സഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ്.
അജ്മാൻ ടൂറിസം വികസന വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മത്സരങ്ങള്‍ 13ന് തുടങ്ങി 16വരെ നീണ്ടുനില്‍ക്കും. അജ്മാന് കായിക കലണ്ടറിന്റെ ഭാഗമായി അജ്മാൻ ടൂറിസം വകുപ്പ് യു.എ.ഇ പാഡൽ അസോസിയേഷന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
വിവിധ വിഭാഗങ്ങളില്‍ വിജയികള്‍ക്ക് സ്വർണം, വെങ്കലം എന്നീ സമ്മാനങ്ങള്‍ നല്‍കും. ഓരോ വിഭാഗത്തിലെയും വിജയികൾക്ക് മികച്ച സമ്മാനത്തുകകള്‍ നൽകുന്നതിനു പുറമേ പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ ഓരോ പങ്കാളിക്കും സംഘാടകര്‍ പ്ലെയർ റേറ്റിങ്ങും നല്‍കുന്നുണ്ട്. അജ്മാന് പാഡല്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മൂന്നാമത് പതിപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

