ചൂട് വീണ്ടും 50 ഡിഗ്രിയിൽ; പൊടിക്കാറ്റ് പ്രതീക്ഷിക്കാം
text_fieldsദുബൈ: ഒരിടവേളക്കു ശേഷം വീണ്ടും രാജ്യത്ത് 50 ഡിഗ്രി ചൂട് രേഖപ്പെടുത്തി. അൽഐനിലെ സ്വയ്ഹാനിലാണ് വെള്ളിയാഴ്ച കനത്ത ചൂട് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അൽ ദഫ്റ മേഖലയിലെ ബറഖയിലാണ്. ഇവിടെ വെള്ളിയാഴ്ച രാവിലെ 5 മണിക്ക് 21.2 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ രാജ്യത്ത് ഈർപ്പമുള്ള കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്നും പകൽ സമയത്ത് പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പിൽ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച റെക്കോഡുകൾ ഭേദിച്ച് യു.എ.ഇയിൽ മേയ് മാസ ചൂട് രേഖപ്പെടുത്തിയിരുന്നു. മേയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന 51.6 ഡിഗ്രി ചൂടാണ് അന്ന് അടയാളപ്പെടുത്തിയത്. അൽഐനിലെ സ്വയ്ഹാനിൽ തന്നെയാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്.
വേനൽ മാസങ്ങളിൽ കനത്ത താപനിലക്ക് സാധ്യതയുള്ള രാജ്യത്ത്, സീസൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം യു.എ.ഇയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ മാസമായിരുന്നു. ശരാശരി പ്രതിദിന ഉയർന്ന താപനില 42.6 ഡിഗ്രി വരെ ഏപ്രിലിൽ എത്തിയിരുന്നു. 2017 ഏപ്രിലിൽ രേഖപ്പെടുത്തിയ ശരാശരി പ്രതിദിന താപനിലയായ 42.2 ഡിഗ്രി സെൽഷ്യസിനെ മറികടന്നതാണ് ഇത് റെക്കോഡ് ചൂടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

