താപനില 4.5 ഡിഗ്രി വരെ; കുളിരണിഞ്ഞ് രാപ്പകലുകൾ
text_fieldsദുബൈ: മൂന്നു ദിവസം നീണ്ട മഴക്കു ശേഷം രാജ്യത്ത് താപനില കുറഞ്ഞതോടെ രാത്രിയും പകലും തണുപ്പ് വർധിച്ചു. കഴിഞ്ഞദിവസം ഏറ്റവും കുറഞ്ഞ താപനില അടയാളപ്പെടുത്തിയത് റാസൽഖൈമയിലെ ജബൽ ജൈസിലാണ്. 4.5 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയത്. അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലെല്ലാം ചൂട് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 23-27 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 22-25 ഡിഗ്രി വരെയും മലമ്പ്രദേശങ്ങളിൽ 10-18 ഡിഗ്രിവരെയുമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. കാലാവസ്ഥ വരുംദിവസങ്ങളിലും ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും വ്യാപക മഴക്ക് സാധ്യതയില്ല. എന്നാൽ, ശനിയാഴ്ച ചെറിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ നിരീക്ഷിക്കുന്നു. വെള്ളിയാഴ്ച രാവിലെയും വൈകീട്ടും പലയിടങ്ങളിലും മൂടൽമഞ്ഞ് ദൃശ്യമായിരുന്നു.
ദുബൈയിൽ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് ഉച്ചക്ക് 1.45ന് സൈഹ് അൽ സലീമിലാണ്. ഇവിടെ 26.2 ഡിഗ്രി സെൽഷ്യസാണ് താപനില. അബൂദബിയിലും ദുബൈയിലും അടുത്ത ദിവസങ്ങളിൽ ചൂട് 35-80 ശതമാനംവരെയാകാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്കുവരെ ദിശയിൽ മണിക്കൂറിൽ 10 മുതൽ 25 കി.മീറ്റർ വേഗതയിൽ കാറ്റുണ്ടാകാനും സാധ്യതയുണ്ട്.
അന്തരീക്ഷത്തിൽ ചൂടുമാറി തണുപ്പ് വന്നതോടെ രാജ്യത്തെ താമസക്കാർ കൂടുതലായി വിനോദ കേന്ദ്രങ്ങളിലും മറ്റും എത്തുന്നുണ്ട്. പുതുവത്സര ദിനത്തിന്റെ ആഘോഷ സാഹചര്യവും മികച്ച കാലാവസ്ഥയും കൂടി ചേർന്നതോടെ ക്യാമ്പിങ് സ്ഥലങ്ങളിലും നിരവധിപേർ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മരുഭൂമിയിൽ രാത്രി ചെലവഴിക്കാൻ പലയിടങ്ങളിലും ആയിരക്കണക്കിനാളുകളാണ് കുടുംബമായി എത്തിച്ചേർന്നത്. എന്നാൽ മഴയും മറ്റു പ്രതികൂല കാലാവസ്ഥകളിലും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. തണുപ്പുകാല വസ്ത്രങ്ങൾക്കും വിപണിയിൽ ആവശ്യക്കാർ ഉയർന്നിട്ടുണ്ട്.