ടീം ഇന്ത്യ ‘വേനൽ കൂട്ടം’ സമ്മർക്യാമ്പ് സമാപനം
text_fieldsഷാർജ ഇന്ത്യൻ അസോസിയേഷനിൽ ടീം ഇന്ത്യ സംഘടിപ്പിച്ച ‘വേനൽ കൂട്ടം’ സമ്മർ ക്യാമ്പിലെ വിജയികൾക്കുള്ള സമ്മാനദാനം അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് നിർവഹിക്കുന്നു
ഷാർജ: ടീം ഇന്ത്യയുടെ നേതൃത്വത്തിൽ ഭിന്ന ശേഷിക്കാരായ കുട്ടികൾക്കായി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച ‘വേനൽ കൂട്ടം’ ത്രിദിന സമ്മർ ക്യാമ്പിനോടനുബന്ധിച്ച സമാപന സമ്മേളനവും സമ്മാന-സർട്ടിഫിക്കറ്റ് വിതരണവും അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് ഉദ്ഘാടനം ചെയ്തു.
ടീം ഇന്ത്യ പ്രസിഡന്റ് ശശി വാരിയത്ത് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ആക്ടിങ് ട്രഷറർ പി.കെ. റെജി, ജോ. ജനറൽ സെക്രട്ടറി ജിബി ബേബി, ടീം ഇന്ത്യ വൈസ് പ്രസിഡന്റുമാരായ കെ.ടി. നായർ, ഇസ്മായിൽ റാവുത്തർ, വിജിത ഗിരീഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അനിൽ ലാൽ സ്വാഗതവും ട്രഷറർ രവി തങ്കപ്പൻ നന്ദിയും പറഞ്ഞു.
ചിത്രരചന, കളറിങ്, മ്യൂസിക്കൽ തെറപ്പി, വായന, ടീം ബിൽഡിങ് എക്സർസൈസ്, സൗഹൃദ മത്സരങ്ങൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഒരുക്കിയിരുന്നു. അൽ ഇബ്തിസാമ സ്കൂൾ റിഹാബിലിറ്റീസ് സെന്ററായി ഉയർത്തണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്തിന് ചടങ്ങിൽ വെച്ച് നിവേദനം നൽകി. സമാപന സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. അനുഷ സതീഷ് അവതാരികയായി.

