അധ്യാപക പരിശീലനവും പഠനോത്സവവും 13 മുതൽ
text_fieldsഅബൂദബി: മലയാളം മിഷൻ അബൂദബി ചാപ്റ്ററിന്റെ കീഴിൽ വൈവിധ്യമാർന്ന പരിപാടികളോടെ പഠനോത്സവവും അധ്യാപക പരിശീലനവും പ്രവേശനോത്സവവും സംഘടിപ്പിക്കുന്നു. കേരള സോഷ്യൽ സെന്റർ, അബൂദബി മലയാളി സമാജം, അബൂദബി സിറ്റി, ഷാബിയ, അൽ ദഫ്റ എന്നീ മേഖലകളിലെ പഠനകേന്ദ്രങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.മലയാളം മിഷൻ പാഠ്യപദ്ധതികളായ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പഠനോത്സവം ജൂൺ 13, വെള്ളിയാഴ്ച വൈകീട്ട് ആറിന് കേരള സോഷ്യൽ സെന്റർ, അബൂദബി മലയാളി സമാജം, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, ബദാസായിദ് അസ്പിര ഇൻസ്റ്റിറ്റ്യൂട്ട് എന്നീ കേന്ദ്രങ്ങളിലാണ് നടക്കുന്നത്. അബൂദബി ചാപ്റ്ററിനു കീഴിൽ നടക്കുന്ന ഏഴാമത് പഠനോത്സവമാണിത്. പഠനോത്സവത്തിൽ 209 വിദ്യാർഥികൾ പങ്കെടുക്കും.
പുതുതായി അധ്യാപനം നടത്താൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള അധ്യാപകർക്കുമായി നടത്തുന്ന അധ്യാപക പരിശീലനം ജൂൺ 14, 15 തീയതികളിലായി രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ കേരള സോഷ്യൽ സോഷ്യൽ സെന്ററിൽ സംഘടിപ്പിക്കും. രജിസ്ട്രേഷൻ 9.30 മുതൽ ആരംഭിക്കും. അധ്യാപക പരിശീലനത്തിന് മലയാള ഭാഷാ വിദഗ്ധസമിതി അംഗം റാണി പി.കെ നേതൃത്വം നൽകും.പ്രവേശനോത്സവം ജൂൺ 15 ഞായറാഴ്ച വൈകീട്ട് ഏഴിന് അബൂദബി കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിക്കും. മലയാളം മിഷൻ അധ്യാപകരും സീനിയർ വിദ്യാർഥികളും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.
അബൂദബി, മുസഫ, ബനിയാസ്, ബദാസായിദ്, അൽ ദഫ്റ പ്രദേശങ്ങളിൽ മലയാളം മിഷന്റെ പാഠ്യപദ്ധതിയനുസരിച്ച് സൗജന്യമായി മലയാള ഭാഷ പഠിപ്പിക്കാൻ താൽപര്യമുള്ളവർ അധ്യാപക പരിശീലന ദിവസം നേരിട്ടോ, മലയാളം മിഷൻ പാഠ്യപദ്ധതിയുടെ ഭാഗമായി നടക്കുന്ന സൗജന്യ മലയാളം പഠനക്ലാസിൽ തങ്ങളുടെ കുട്ടികളെ ചേർക്കാൻ ആഗ്രഹിക്കുന്നവർ പ്രവേശനോത്സവ ദിവസം നേരിട്ടോ 050 6112652 /050 7890398 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.