അജ്മാന്റെ ആകാശത്തും പറക്കും ടാക്സി
text_fieldsഅജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഒമർ
മുഹമ്മദ് ലൂത്തയും സ്കൈപോർട്ട്സ് മിഡിലീസ്റ്റിന്റെ ജനറൽ
മാനേജർ ഡാനിയേൽ ഒനീലും ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
അജ്മാന്: അബൂദബി, ദുബൈ എമിറേറ്റുകൾക്ക് പിന്നാലെ പറക്കും ടാക്സികൾ യാഥാർഥ്യമാക്കാൻ ഒരുങ്ങി അജ്മാൻ. ഇതിനായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചർ എന്ന സ്ഥാപനവുമായി കരാറൊപ്പിട്ടു. പറക്കും ടാക്സികൾക്ക് പറന്നുപൊങ്ങാനും, ഇറങ്ങാനുമുള്ള ടേക് ഓഫ്, ലാൻഡിങ് സോണുകൾ സജ്ജമാക്കാനാണ് കരാറൊപ്പിട്ടത്.
എയർ ടാക്സികളുടെ ടേക്ക് ഓഫ്, ലാൻഡിങ് മേഖലകൾ നിർമിക്കുന്നതിൽ ആഗോളതലത്തിൽ മുൻപന്തിയിലുള്ളവരാണ് സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചര്. അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഒമർ മുഹമ്മദ് ലൂത്തയും സ്കൈപോർട്ട്സ് മിഡിലീസ്റ്റ് ജനറൽ മാനേജർ ഡാനിയേൽ ഒനീലുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതും സമൂഹത്തിന്റെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്നതുമായ സ്മാർട്ട്, സംയോജിത ഗതാഗത പരിഹാരങ്ങൾ സ്വീകരിച്ച് എമിറേറ്റിന്റെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പറക്കും ടാക്സികൾക്കാവശ്യമായ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ തിരിച്ചറിയുക, സാങ്കേതികവും പ്രവർത്തനപരവുമായ സന്നദ്ധത വർധിപ്പിക്കുക, സുപ്രധാന മേഖലകളിലെ ഡ്രോൺ ആപ്ലിക്കേഷനുകൾ പര്യവേക്ഷണം ചെയ്യുക എന്നിവ പദ്ധതിയുടെ ഭാഗമാണ്. സ്മാർട്ട് സിറ്റിയിലേക്കുള്ള പരിവർത്തനത്തെ പിന്തുണക്കുന്ന ഭാവി ഗതാഗത പരിഹാരങ്ങൾ സ്വീകരിക്കുന്നതിനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ധാരണപത്രത്തിൽ ഒപ്പുവെക്കുന്നതെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഒമർ മുഹമ്മദ് ലൂത്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

