സിഗററ്റിനും കോളകൾക്കും നികുതി
text_fieldsഅബൂദബി: പുകയില, ഉൗർജ പാനീയങ്ങൾ, കോള പാനീയങ്ങൾ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങൾക്ക് നികുതി ചുമത്തുന്ന ഫെഡറൽ എക്സൈസ് നിയമം പ്രസിദ്ധീകരിച്ചു. പുകയില ഉൽപന്നങ്ങൾക്കും ഉൗർജ പാനീയങ്ങൾക്കും100 ശതമാനം, കോളകൾക്ക് 50 ശതമാനം എന്നിങ്ങനെയാണ് നികുതി. ഉൽപന്നത്തിെൻറ 200 ശതമാനത്തിലധികമാകരുത് എക്സൈസ് നികുതി എന്നും യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ പുറപ്പെടുവിച്ച നിയമത്തിൽ നിർദേശമുണ്ട്.
ഇൗ വർഷം അവസാന പാദത്തിലാണ് നികുതി ഇൗടാക്കി തുടങ്ങുക. 250ഒാളം കമ്പനികളെയാണ് എക്സൈസ് നികുതി ബാധിക്കുക. ജി.സി.സിയിൽ എക്സൈസ് നികുതി നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. 2017 ജൂണിൽ ഇതേ നിരക്കിൽ സൗദി അറേബ്യ എക്സൈസ് നികുതി നടപ്പാക്കിയിരുന്നു.
എക്സൈസ് നികുതി ബാധകമായ ഉൽപന്നങ്ങളുടെ ഉൽപാദനം, ഇറക്കുമതി, സംഭരണം എന്നിവക്ക് നിയമം ബാധകമാണ്. ഉൽപാദന സ്ഥലത്തുനിന്ന് നികുതി അടക്കാതെയാണ് ഉൽപന്നം വിതരണം ചെയ്തതെങ്കിൽ നികുതി അടക്കേണ്ട ബാധ്യത വിതരണക്കാരനാണ്. പതിവായി എക്സൈസ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാത്തവർക്ക് ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) എക്സൈസ് നികുതി രജിസ്ട്രേഷനിൽ ഇളവ് അനുവദിക്കുമെങ്കിലും നികുതി അടവിൽ ഇളവുണ്ടാകില്ല. നികുതി രജിസ്ട്രേഷനിൽനിന്ന് ഇളവ് ലഭിച്ചവർ നികുതിയുമായി ബന്ധപ്പെട്ട് അവരുടെ സാഹചര്യങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ ഉടൻ എഫ്.ടി.എയെ വിവരമറിയിക്കണം. രജിസ്ട്രേഷൻ നടത്തിയ ഒരാൾക്ക് എക്സൈസ് നികുതി അടക്കാൻ ബാധ്യത ഇല്ലാതായാൽ രജിസ്േട്രഷൻ റദ്ദാക്കാൻ അപേക്ഷ സമർപ്പിക്കാം. നികുതി നൽകുന്ന വ്യക്തി ഒാരോ നികുതി കാലയളവിെൻറ അവസാനത്തിലും എഫ്.ടി.എക്ക് നികുതി റിേട്ടൺ സമർപ്പിക്കണം.
നികുതി ബാധകമായ വ്യക്തി ഉൽപാദിപ്പിക്കുന്നതോ കയറ്റുമതി ചെയ്യുന്നതോ സംഭരിക്കുന്നതോ ആയ എല്ലാ ഉൽപന്നത്തിെൻറയും രേഖകൾ സൂക്ഷിക്കേണ്ടതാണ്. കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ രേഖകൾക്ക് പുറമെ കയറ്റുമതി ചെയ്തതിെൻറ തെളിവുകളും സൂക്ഷിക്കണം.
നഷ്ടപ്പെട്ടതോ നശിപ്പിച്ചതോ ആയ ഉൽപന്നങ്ങളുടെ വിശദാംശമടക്കം സംഭരണ വിവരങ്ങളും രേഖപ്പെടുത്തണം. നികുതി ഉൾപ്പെടെയുള്ള വില പ്രദർശിപ്പിക്കാതിരിക്കൽ, എക്സൈസ് ഉൽപന്നങ്ങൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതുമായോ സൂക്ഷിക്കുന്നതുമായോ ബന്ധപ്പെട്ട നിബന്ധനകളും ചട്ടങ്ങളും പാലിക്കാതിരിക്കൽ, ഉൽപാദിപ്പിക്കുകയോ ഇറക്കുമതി ചെയ്യുകയോ വിൽക്കുകയോ ചെയ്യുന്ന എക്സൈസ് ഉൽപന്നത്തിെൻറ വിലവിവര പട്ടിക എഫ്.ടി.എക്ക് സമർപ്പിക്കാതിരിക്കൽ എന്നിവ നിയമലംഘനമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നികുതി പൂർണമായോ ഭാഗികമായോ അടക്കാതെ യു.എ.ഇയിലേക്കോ രാജ്യത്തിന് പുറത്തേക്കോ ഉൽപന്നങ്ങൾ കൊണ്ടുപോവുകയോ അതിന് ശ്രമിക്കുകയോ ചെയ്യുന്നത് നികുതി വെട്ടിപ്പായി കണക്കാക്കും.
നികുതി കുടിശ്ശിക ഒഴിവാക്കാമെന്ന ഉദ്ദേശ്യത്തോടെ ഉൽപാദനം നടത്തുക, കൈമാറ്റം ചെയ്യുക, സംഭരിക്കുക, കടത്തുക, കൈപ്പറ്റുക തുടങ്ങിവയും കുറ്റകൃത്യങ്ങളാണ്. നികുതി വെട്ടിക്കുകയോ നികുതി റീഫണ്ട് തരപ്പെടുത്തുകയോ ചെയ്യാമെന്ന ഉദ്ദേശ്യത്തിൽ ഉൽപന്നങ്ങളിൽ തെറ്റായ ചിഹ്നമിടുക, തെറ്റോ വ്യാജമോ ആയ രേഖകൾ സമർപ്പിക്കുക എന്നിവയും ശിക്ഷാർഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
