Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിസ്മയ വിഹായ​സ്സിൽ...

text_fields
bookmark_border
അഞ്ചാം വയസ്സിൽ തന്നെ ചെണ്ടയിൽ താളപ്രപഞ്ചം തീർത്ത് വിഹാൻ ആനന്ദ് എന്ന ഈ കൊച്ചുമിടുക്കൻ
വിസ്മയ വിഹായ​സ്സിൽ...
cancel

അഞ്ചാം വയസ്സിൽ തന്നെ മേളപ്പെരുക്കത്തിന്റെ താളപ്രപഞ്ചം തീർത്ത് യു.എ.ഇയിലെ കലാസ്നേഹികളുടെ മനംകവരുകയാണ് വിഹാൻ ആനന്ദ് എന്ന ഈ കൊച്ചുമിടുക്കൻ. ഈ കുഞ്ഞുവിരലുകൾ താളാത്മകമായി കൊട്ടിക്കയറുന്നത് കേൾവിക്കാരുടെ ഹൃദയതന്ത്രികളിലേക്കാണ്. അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂളിലെ കെ.ജി വിദ്യാർഥിയായ വിഹാൻ, ചെറുപ്രായത്തിൽതന്നെ വിസ്മയകരമായ കലാപാടവം കൊണ്ട് ശ്രദ്ധേയനായിക്കഴിഞ്ഞു.

ഒന്നര വയസ്സുള്ളപ്പോൾ മുതൽ മേളവേദികൾ കണ്ട് വളർന്ന വിഹാന്റെ കൈകളിൽ ആദ്യമായി തടഞ്ഞ കളിപ്പാട്ടം ഒരു കൊച്ചുചെണ്ടയായിരുന്നു. കേൾക്കുന്ന ഈണങ്ങൾ നെഞ്ചിലേറ്റുവാങ്ങി, വീട്ടിലെ കുഞ്ഞുമുറികളിൽ വിഹാൻ കൊട്ടിത്തീർത്തത് വരുംകാല മേളവിസ്മയത്തിലേക്കുള്ള ആദ്യ താളങ്ങളായിരുന്നു. പിന്നീട് ഓരോ ദിനവും ഓരോ നിമിഷവും ചെണ്ട അവന്റെ പ്രാണനായി മാറി. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 250ലധികം വേദികളിലാണ് ഈ കൊച്ചുമിടുക്കൻ മേളവിസ്മയം തീർത്തത്. കേൾക്കുന്ന ഏത് സംഗീതത്തിനും സ്വയം താളമിടാനും ഈണങ്ങൾ തീർക്കാനും വിഹാന് കഴിയുമെന്നത് അവന്‍റെ സർഗവൈഭവത്തിന് അടിവരയിടുന്നു.

ഗുരു ഷൈജുവിന്‍റെ ശിക്ഷണത്തിൽ വളരുന്ന ‘സീക്ക് മേളം യു.എ.ഇ’ എന്ന പ്രശസ്ത മേളസംഘത്തിലെ പ്രധാനാംഗങ്ങളിൽ ഒരാളാണ് ഇന്ന് ഈ അഞ്ചുവയസ്സുകാരൻ. പ്രശസ്തമായ സൈമ അവാർഡ് വേദി, അക്കാഫ് സാംസ്കാരിക സംഗമങ്ങൾ, ഇത്തിസലാത്ത് അക്കാദമിയിൽ കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ നടക്കുന്ന തൃശൂർ പൂരത്തിലെ എഴുന്നള്ളിപ്പുകൾ തുടങ്ങി യു.എ.ഇയിലെ വമ്പൻ വേദികളിലെല്ലാം വിഹാൻ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. നിരവധി ഉപഹാരങ്ങളും ആദരവുകളും ഇതിനോടകം ഈ കുഞ്ഞുപ്രായത്തിൽ വിഹാനെ തേടിയെത്തി.

വിഹാന്റെ സ്വപ്നങ്ങൾക്ക് ചിറകുകളേകുന്നത് മാതാപിതാക്കളാണ്. ലിൻഡെ കമ്പനിയിലെ സെയിൽസ് എഞ്ചിനീയറായ ആനന്ദ് അമ്മാൾ കൈതേരിയുടെയും അജ്മാൻ ഷിഫ അൽ ജസീറയിലെ ദന്തഡോക്ടറായ ഡോ. സിന്ധ്യയുടെയും പ്രോത്സാഹനവും പിന്തുണയുമാണ് വിഹാനെ ഈ ചെറുപ്രായത്തിലും കലാരംഗത്ത് മുൻനിരയിൽ എത്തിച്ചത്. കണ്ണൂർ പയ്യന്നൂർ സ്വദേശികളാണിരുവരും.

മേളത്തിൽ മാത്രമല്ല, മോഡലിംഗിലും അഭിനയരംഗത്തും വിഹാൻ കഴിവ് തെളിയിച്ചിട്ടുണ്ട്. എം.എം.ഡി.ഇ തൃശൂർ യു.എ.ഇ സംഘടിപ്പിച്ച ‘കിടു കുട്ടീസ് 2025’ ഫാഷൻ ഷോയിലെ വിജയിയാണ് വിഹാൻ. ആർ.ജെ. അമന്‍റെ ‘ഓണം പൊന്നോണം’ എന്ന ആൽബം, നിഷ്ക ഗോൾഡ് പരസ്യം, ആർ.ജെ. അക്ഷയോടൊപ്പമുള്ള പരസ്യചിത്രങ്ങൾ തുടങ്ങി നിരവധി ദൃശ്യമാധ്യമ സംരംഭങ്ങളിൽ വിഹാൻ വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും തന്‍റെ കുഞ്ഞു കുസൃതികളും താളവിശേഷങ്ങളും കൊണ്ട് വിഹാൻ ഏറെ ശ്രദ്ധേയനാണ്. ചെണ്ടയുടെ താളപ്പെരുക്കത്തിൽ തുടങ്ങി അഭിനയത്തിന്റെയും ഫാഷന്റെയും പുതിയ ഭൂപടങ്ങൾ കീഴടക്കുന്ന ഈ അഞ്ചുവയസ്സുകാരൻ, യു.എ.ഇയിലെ പ്രവാസി മലയാളികളുടെ അഭിമാനമായി വളരുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - talent
Next Story