ദുബൈ: ചിത്രങ്ങൾ പകർത്തി സമ്മാനം നേടാൻ ആർ.ടി.എ അവസരമൊരുക്കുന്നു. 45,000 ദിർഹമാണ് സമ്മാനത്തുക. ഫോട്ടോഗ്രഫി പ്രഫഷനും ഹോബിയുമായവർക്ക് പങ്കെടുക്കാം. സന്ദർശക വിസയിലെത്തിയവർക്കും താമസക്കാർക്കും പങ്കെടുക്കാമെന്നതാണ് പ്രത്യേകത. ജൂൺ 27 മുതൽ മൂന്ന് ആഴ്ചത്തേക്കാണ് മത്സരം. ദുബൈയിലെ പൊതുഗതാഗം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മത്സരം.
ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇൻറർനാഷനൽ ഫോട്ടോഗ്രഫി അവാർഡുമായി (എച്ച്.ഐ.പി.എ) ചേർന്നാണ് ആർ.ടി.എ മത്സരം നടത്തുന്നത്. ഏറ്റവും മികച്ച ഫോട്ടോഗ്രാഫർക്ക് 10,000 ദിർഹം, രണ്ടാം സ്ഥാനത്തിന് 7000 ദിർഹം, മൂന്നാം സ്ഥാനത്തിന് 3000 ദിർഹം വീതമാണ് സമ്മാനം. ഇതിന് പുറമെ 25 വിജയികൾക്ക് 1000 ദിർഹം മൂല്യമുള്ള നോൾ കാർഡും നൽകും.
എങ്ങനെ പങ്കെടുക്കാം
http://www.hipa.ae എന്ന വെബ്സൈറ്റ് വഴി 27 മുതലാണ് ചിത്രങ്ങൾ സമർപ്പിക്കേണ്ടത്. ഒരാൾ മൂന്ന് ചിത്രമെങ്കിലും നൽകണം. മൂന്ന് തീമുകളിലാണ് മത്സരം. മൂന്നെണ്ണത്തിെൻറയും ഓരോ ചിത്രങ്ങൾ വീതമാണ് നൽകേണ്ടത്. ആർട്ട് ആൻഡ് ആർക്കിടെക്ചർ വിഭാഗത്തിൽ ദുബൈയിലെ പ്രധാന ലാൻഡ്‌മാർക്കുകൾ, അടിസ്ഥാന സൗകര്യങ്ങൾ, സൈറ്റുകൾ, തെരുവ് ചിത്രങ്ങൾ തുടങ്ങിയവയാണ് ചിത്രീകരിക്കേണ്ടത്. പബ്ലിക് ട്രാൻസ്പോർട്ട് വിഭാഗത്തിൽ ദുബൈ മെട്രോ, ട്രാം, ടാക്സി, ബസ്, ജലഗതാഗതം എന്നിവ സമർപ്പിക്കണം.
ഇമാറാത്തി കൾചർ ആൻഡ് ലൈഫ് സ്റ്റൈൽ വിഭാഗത്തിൽ പ്രധാന സ്ഥലങ്ങൾ, പരിപാടികൾ, പ്രാദേശിക സംസ്കാരം, രുചിഭേദങ്ങൾ എന്നിവയുടെ ചിത്രങ്ങൾ നൽകാം.