പ്രേക്ഷകന്‍റെ അനുഭവപരിസരങ്ങളെ വന്നുതൊടുന്ന 'താഹിറ'
text_fields‘താഹിറ’യുടെ പ്രദർശനത്തിനുശേഷം നടന്ന സംവാദത്തിൽ പങ്കെടുത്തവർ സംവിധായകൻ സിദ്ദീഖ് പറവൂരിനൊപ്പം
ദുബൈ: ഖലീൽ ജിബ്രാന്‍റെ കഥാംശം വികസിപ്പിച്ചെടുത്ത് കപടമായ സൗന്ദര്യ സങ്കൽപങ്ങളെ വെല്ലുവിളിക്കുന്ന സിനിമയായ 'താഹിറ' പ്രേക്ഷക ഹൃദയങ്ങളിലിടം നേടുന്നു. സിദ്ദീഖ് പറവൂർ തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയുടെ ഗൾഫിലെ പ്രീമിയർ പ്രദർശനം കഴിഞ്ഞ ദിവസം ഷാർജ അൽ ഹംറ തിയറ്ററിൽ നടത്തിയപ്പോൾ പ്രേക്ഷകരിൽനിന്ന് മികച്ച പ്രതികരണമാണ് സംവിധായകന് ലഭിച്ചത്.
2020ൽ ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ച സിനിമ, ബംഗളൂരു ചലച്ചിത്രോത്സവത്തിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
കൊടുങ്ങല്ലൂരിന്‍റെ തീരമേഖലയായ എറിയാട്ടെ താഹിറ എന്ന യുവതിയുടെ ജീവിതമാണ് ഈ സിനിമ പറയുന്നത്. അനുജത്തിയെയും കുട്ടിയെയും പോറ്റാൻ രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന താഹിറക്ക് ഒരു പ്രതിസന്ധി ഘട്ടത്തിൽ അന്ധനായ ബിച്ചാപ്പുവിനെ വിവാഹം കഴിക്കേണ്ടി വരുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
താഹിറ തന്നെയാണ് സിനിമയിൽ നായികയായി എത്തുന്നത്. യഥാർഥത്തിൽ അന്ധനായ പാലക്കാട് തോട്ടരയുള്ള ഹെലൻ കെല്ലർ ബ്ലൈൻഡ് സ്കൂളിലെ അധ്യാപകൻ ക്ലിന്‍റ് മാത്യുവാണ് ബിച്ചാപ്പുവിനെ അവതരിപ്പിക്കുന്നത്. ചിത്രം യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ വരുംദിവസങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് സിദ്ദീഖ് പറവൂർ പറഞ്ഞു. വിവരങ്ങൾക്ക് ഫോൺ: 050 3655788.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
