കാലാവസ്ഥ മാറ്റം കർഷകരെ മുൻകൂട്ടി അറിയിക്കാൻ സംവിധാനം
text_fieldsഅബൂദബി: കാലാവസ്ഥ വ്യതിയാനം കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയിൽ മുന്‍കൂട്ടി അറിയിക്കാന്‍ എ.ഐ സംവിധാനം വികസിപ്പിച്ച് അബൂദബി. കാലാവസ്ഥ ബാധിത മേഖലകളിലെ കര്‍ഷകരെ സഹായിക്കുന്നതിനാണ് നിർമിത ബുദ്ധിയിലധിഷ്ഠിതമായ ശൃംഖല തയാറാക്കുന്നത്.
എ.ഐ ഗവേഷകര്‍ക്ക് പരിശീലനം, ഓപണ്‍ സോഴ്സ് മോഡല്‍ വികസിപ്പിക്കല്‍, സഹകരണ കേന്ദ്രങ്ങള്‍ക്ക് ആതിഥ്യം വഹിക്കുക, ഫീല്‍ഡ് വിന്യാസ ശൃംഖലകള്‍ സ്ഥാപിക്കുക തുടങ്ങി ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ അബൂദബി തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനകം 3.8 കോടി കര്‍ഷകരിലാണ് നിലവിൽ എ.ഐ ശൃംഖലയുടെ സേവനം എത്തിയിട്ടുള്ളത്. 2030ഓടെ ഇത് 10 കോടി കർഷകരിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
കര്‍ഷകര്‍ക്ക് മഴക്കാലമോ ശൈത്യകാലമോ ശരിയായി പ്രവചിക്കാന്‍ കഴിയാതെ തെറ്റായ സമയത്ത് കൃഷിയിറക്കി വിളവുകൾ നശിക്കാൻ ഇടയാകുന്ന സാഹചര്യം നിലവിലുണ്ട്. ഇതുകാരണം പര്യാപ്തമായ ഭക്ഷ്യ ഉൽപാദനം സാധമാവുന്നില്ല. ലോകത്ത് മുഴുവൻ പേർക്കും ആവശ്യമായ ഭക്ഷണം ഉൽപാദിക്കപ്പെടുന്നുണ്ടെന്നാണ് പറയുന്നതെങ്കിലും 72 കോടി ജനങ്ങള്‍ 2024ല്‍ പട്ടിണിയിലാണെന്നാണ് കണക്കുകള്‍.
യൂനിസെഫിന്റെ 2024ലെ റിപ്പോര്‍ട്ട് പ്രകാരം 53 രാജ്യങ്ങളിലെ 29.5 കോടി ജനങ്ങള്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത് കടുത്ത കാലാവസ്ഥ വ്യതിയാനം മൂലം സംഭവിക്കുന്നതാണ്. ഈ കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടുന്നതിനാണ് അബൂദബി കര്‍ഷകരെ സഹായിക്കുന്നതിനായി എ.ഐ ശൃംഖല തയാറാക്കുന്നത്.
ജലത്തിന്റെ അഭാവം, മണ്ണിലെ അമിത ലവണാംശം തുടങ്ങിയ കഠിനമായ കാലാവസ്ഥ പ്രശ്നമാണ് യു.എ.ഇ നേരിടുന്നതെന്ന് യു.എ.ഇ പ്രസിഡന്‍ഷ്യന്‍ കോടതിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ ഫാത്തിമ അല്‍ മുഅല്ല ചൂണ്ടിക്കാട്ടി.
മുഹമ്മദ് ബിന്‍ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ന്യൂയോര്‍ക് യൂനിവേഴ്സിറ്റി അബൂദബി, എ.ഐ71, സി.ജി.ഐ.എ.ആര് എ.ഐ ഹബ് എന്നിവ സംയുക്തമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. യു.എ.ഇയും ഗേറ്റ്സ് ഫൗണ്ടേഷനും ഇന്ത്യയും സംയുക്തമായി ധനസഹായം നല്കുന്ന അഗ്രികള്‍ച്ചറല്‍ ഇന്നൊവേഷന് മെക്കാനിസം ഫോര്‍ സ്കെയില്‍ മുഖേന 2025ല്‍ 3.8 കോടി കര്‍ഷകര്‍ക്കാണ് മഴക്കാല മുന്നറിയിപ്പ് എസ്.എം.എസ് ആയി നല്‍കിയത്. മുഹമ്മദ് ബിന്‍ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും യൂനിവേഴ്സിറ്റി ഓഫ് ഷികാഗോയും അബൂദബിയില്‍ എ.ഐ കാലാവസ്ഥ പ്രവചന പരിശീലന പദ്ധതി ആരംഭിച്ചിട്ടുണ്ട്.
ബംഗ്ലാദേശ്, ചിലി, ഇത്യോപ്യ, കെനിയ, നൈജീരിയ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിപാടിയില്‍ സംബന്ധിച്ചത്. 2027ഓടെ 25 രാജ്യങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ച് പരിശീലനം നടത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

