കാൽനൂറ്റാണ്ട് പ്രവാസം വിട്ട് സൈദ്മുഹമ്മദ് നാട്ടിലേക്ക്
text_fieldsസൈദ് മുഹമ്മദ്
ദുബൈ: 25 വർഷം നീണ്ട പ്രവാസത്തിന് വിട നൽകി എൻ.കെ. സൈദ് മുഹമ്മദ് നാട്ടിലേക്ക് തിരിച്ചു. തൃശൂർ നാട്ടിക സ്വദേശിയായ ഇദ്ദേഹം കാൽനൂറ്റാണ്ടായി ദുബൈയിലെ ലുലു ഗ്രൂപ്പിന്റെ വിവിധ ഹൈപ്പർമാർക്കറ്റുകളിൽ ജീവനക്കാരനാണ്. സൈദ് മുഹമ്മദ് പ്രവാസം തെരഞ്ഞെടുക്കുന്നത് 2000ത്തിലാണ്. സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബത്തിലായിരുന്നു ജനനം. നാല് മക്കളിൽ ഇളയവൻ. അഞ്ചുവയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടു. പിന്നീട് സാമ്പത്തിക പ്രയാസത്തിന്റെ നാളുകളായിരുന്നെന്ന് സൈദ് മുഹമ്മദ് ഓർക്കുന്നു.
പഠിക്കാൻ ആഗ്രഹിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സാധിച്ചില്ല. 32ാമത്തെ വയസ്സിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയുടെ മാതാവാണ് സൈദ് മുഹമ്മദിനെ ലുലു ഹൈപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് ദുബൈയിലെത്തിക്കുന്നത്. നാട്ടിക മഹല്ലിൽ ഉൾപ്പെട്ട സൈദ് മുഹമ്മദിനെ കണ്ടെത്തി ശിപാർശ ചെയ്യുന്നത് സാമൂഹികപ്രവർത്തകനായ സി.എസ്. റഷീദായിരുന്നു. അങ്ങനെ കൊച്ചിയിൽ നിന്നും എമിറേറ്റ്സ് എയർലൈനിൽ ദുബൈയിൽ വന്നിറങ്ങി. ദുബൈ കരാമയിലെ ലുലുവിന്റെ ആദ്യ സൂപ്പർമാർക്കറ്റിൽ സെയിൽസ്മാനായിട്ടായിരുന്നു തുടക്കം.
രണ്ട് മാസത്തോളം ഇവിടെ ജോലി ചെയ്തു. അവിടെ നിന്ന് തൊട്ടടുത്ത സൂപ്പർ മാർക്കറ്റിലേക്ക് മാറി. തുടർച്ചയായി എട്ടുവർഷം അവിടെയായിരുന്നു. ശേഷം കരാമയിലെ തന്നെ മറ്റൊരു ലുലു ബ്രാഞ്ചിലേക്ക് ഡ്രൈ കേക്ക് മേക്കറായി സ്ഥാനക്കയറ്റത്തോടെ ജോലി ലഭിച്ചു.
ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പ്രയാസപ്പെടുന്ന സമയത്ത് യൂസുഫലിയുടെ മാതാവിന്റെ ചേർത്തുപിടിക്കൽ വലിയ കരുത്തുപകർന്നതായി സൈദ് മുഹമ്മദ് പറഞ്ഞു. കോവിഡ് സമയങ്ങളിൽ ജോലിക്ക് പോകാൻ കഴിഞ്ഞില്ലെങ്കിലും ശമ്പളം കൃത്യമായി കമ്പനി തന്നത് മറക്കാനാവാത്ത അനുഭവം. മൂന്ന് പെൺമക്കളുടെയും വിവാഹം നല്ല രീതിയിൽ നടത്താൻ കഴിഞ്ഞത് പ്രവാസം നൽകിയ നേട്ടമാണ്. ബിരുദം പൂർത്തിയാക്കിയ മകൻ അൽ വർഖയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ തന്നെ ജോലി ചെയ്യുന്നുവെന്നതിലും സന്തോഷം.
20 വർഷമായി ദുബൈ കെ.എം.സി.സി അംഗമാണ്. സാമൂഹികപ്രവർത്തനങ്ങളിൽ സജീവമാകാൻ ജോലി തടസ്സമായിരുന്നെങ്കിലും തന്നാലാവുന്ന സഹായങ്ങളുമായി സൈദ് മുഹമ്മദ് പിൻനിരയിൽ ഉണ്ടായിരുന്നു. പ്രവാസം സമ്മാനിച്ച നല്ല ഓർമകളുമായി ഡിസംബർ 15ന് സൈദ് മുഹമ്മദ് നാടണയുകയാണ്. നാട്ടിലെത്തിയാൽ ആദ്യം ഉംറ നിർവഹിക്കണം. ശേഷം ആരോഗ്യമുള്ള കാലത്തോളം എന്തെങ്കിലും ജോലി ചെയ്ത് ജീവിതം മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സൈദ് മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

