സുസ്ഥിരത സംരംഭം; തലാൽ ഔട്ട്ലറ്റുകളിൽ പുനരുപയോഗ ബാഗുകൾ സൗജന്യം
text_fieldsസുസ്ഥിരത സംരംഭത്തിന്റെ ലോഞ്ചിങ് ചടങ്ങിൽ തലാൽ മാനേജ്മെന്റ് പ്രതിനിധി പുനരുപയോഗ ബാഗ് കൈമാറുന്നു
ദുബൈ: സുസ്ഥിരത സംരംഭത്തിന് തുടക്കമിട്ട് തലാൽ ഗ്രൂപ്. സംരംഭത്തിന്റെ ഭാഗമായി എല്ലാ തലാൽ ഔട്ട്ലറ്റുകളിലും ഉപഭോക്താക്കൾക്ക് സൗജന്യമായി പുനരുപയോഗ സാധ്യമായ കാരി ബാഗുകൾ സൗജന്യമായി നൽകും. ഹരിതപൂർണമായ ഭാവിക്കായുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയാണ് പുതിയ സംരംഭം ഉയർത്തിക്കാട്ടുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. യു.എ.ഇയിലെ വിവിധ തലാൽ മാർക്കറ്റുകളിൽ നടന്ന സംരംഭത്തിന്റെ ലോഞ്ചിങ് ചടങ്ങിൽ ഗ്രൂപ്പിന്റെ ഉയർന്ന മാനേജ്മെന്റ് അംഗങ്ങൾ പുനരുപയോഗ ബാഗുകൾ കൈമാറി. ‘തലാൽ മാർക്കറ്റിൽ ഹരിതാഭമായ ഭാവിക്ക് തുടക്കം’ എന്നപേരിൽ ആരംഭിച്ച കാമ്പയിനിലൂടെ പരിമിതമായ കാലയളവിൽ മാത്രമേ പുനരുപയോഗ ബാഗുകൾ സൗജന്യമായി ലഭിക്കൂ. സുസ്ഥിരമായ ഷോപ്പിങ് ശീലം ഉപഭോക്താക്കളിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തുടനീളം പാരിസ്ഥിതികമായ ആഘാതങ്ങൾ കുറക്കാനുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയാണ് സംരംഭം അടിവരയിടുന്നതെന്ന് മുതിർന്ന മാനേജ്മെന്റ് പ്രതിനിധി പറഞ്ഞു. എല്ലാ ഉപഭോക്താക്കളെയും സൗജന്യ പുനരുപയോഗ ബാഗുകൾ സ്വീകരിക്കുന്നതിനായി ക്ഷണിക്കുകയാണ്. തലാൽ ഗ്രൂപ്പിന്റെ പരിസ്ഥിതി സൗഹൃദ നീക്കത്തിന്റെ ഭാഗമാകാനുള്ള അവസരമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

