12 മണിക്കൂറിനകം പ്രതികൾ കുടുങ്ങി: 'ജ്വല്ലറി ഹീസ്റ്റ്' പൊളിച്ച് ദുബൈ പൊലീസ്; 'ക്ലൈമാക്സ്' വിമാനത്തിൽ
text_fieldsജ്വല്ലറിയിൽ മോഷണം നടത്തി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ദുബൈ പൊലീസ് പിടികൂടിയ യൂറോപ്യൻ പൗരന്മാർ
ദുബൈ: 'മണി ഹീസ്റ്റ്' വെബ് പരമ്പരയെ അനുസ്മരിപ്പിക്കുന്ന 'ജ്വല്ലറി ഹീസ്റ്റി'ന്‍റെ ക്ലൈമാക്സിൽ കൈയടി നേടി ദുബൈ പൊലീസ്. ദുബൈയിൽ ജ്വല്ലറി കൊള്ളയടിച്ച ശേഷം രാജ്യം വിടാൻ ശ്രമിച്ച രണ്ട് യൂറോപ്യൻ പൗരന്മാരെ വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് ദുബൈ പൊലീസ് പിടികൂടി. കവർച്ച നടന്ന് 12 മണിക്കൂറിനകമാണ് പ്രതികൾ കുടുങ്ങിയത്. മോഷ്ടാക്കൾ ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയത് മുതലുള്ള ദൃശ്യങ്ങൾ പൊലീസ് പുറത്തുവിടുകയും ചെയ്തു.
ദുബൈയിലെ ജ്വല്ലറി ഷോപ്പിന്‍റെ ഡിസ്പ്ലേയിൽ വെച്ചിരുന്ന വിലകൂടിയ ആഭരണമാണ് ഇവർ കവർന്നത്. കവർച്ചക്കുശേഷം പൊലീസിനെ കബളിപ്പിക്കാനുള്ള പല മാർഗങ്ങളും സ്വീകരിച്ച ശേഷമാണ് ഇവർ സ്വന്തം നാട്ടിലേക്ക് രക്ഷപ്പെടാൻ വിമാനത്തിനുള്ളിലെത്തിയത്. എന്നാൽ, കവർച്ചാവിവരമറിഞ്ഞ് 12 മണിക്കൂറിനുള്ളിൽ ഇവരെ കണ്ടെത്തി വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പിടികൂടാൻ പൊലീസിന് കഴിഞ്ഞു.
ദുബൈയിലെത്തിയശേഷം ഹോട്ടലിൽ മുറിയെടുത്ത മോഷ്ടാക്കൾ അവിടെനിന്ന് പുറത്തിറങ്ങി ആറുകിലോമീറ്റർ നടന്നു. പിന്നീട് നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിൽ കയറി അവിടെവെച്ച് വിഗും മറ്റും ധരിച്ച് രൂപവും വേഷവും മാറി. പൊലീസിനെയും നിരീക്ഷണ കാമറകളെയും കബളിപ്പിക്കാൻ ഇവർ മൂന്ന് കിലോമീറ്റർ നടക്കുകയും ആറ് മണിക്കൂറിനിടെ 10 വാഹനങ്ങൾ കയറിയിറങ്ങുകയും ചെയ്തിരുന്നു. ഓരോ വാഹനം കയറുന്നതിനുമിടക്ക് മൂന്നുകിലോമീറ്റർ നടക്കും. പൊലീസിനെ കബളിപ്പിക്കാൻ മറ്റൊരു ഹോട്ടലിൽ കയറി വിശ്രമിക്കുകയും ചെയ്തു. അവിടെനിന്നിറങ്ങി ജ്വല്ലറിയിലെത്തിയ ഇരുവരും വിലപിടിപ്പുള്ള ആഭരണം തന്ത്രപൂർവം കൈക്കലാക്കി.
കൃത്യം നിർവഹിച്ചശേഷം രാത്രി വീണ്ടും പൊലീസിനെയും നിരീക്ഷണ കാമറകളെയും കബളിപ്പിക്കാൻ ഇവർ പലയിടങ്ങളിലായി കറങ്ങി. മോഷണം നടത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ഷൂസും വിഗുമെല്ലാം നിർമാണം നടക്കുന്ന കെട്ടിടത്തിനടുത്തുള്ള ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ചു. തുടർന്ന്, പുറപ്പെടുമ്പോൾ ധരിച്ചിരുന്ന വേഷത്തിൽ താമസിക്കുന്ന ഹോട്ടലിൽ തിരിച്ചെത്തി. വസ്ത്രം മാറ്റി വിമാനത്താവളത്തിലേക്ക് തിരിച്ചു.
കവർച്ച നടന്ന വിവരം അറിഞ്ഞയുടൻ ദുബൈ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാളങ്ങളും പരിശോധിച്ച് പ്രതികളാരാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ഇവർ താമസിച്ചിരുന്ന ഹോട്ടൽ റൂം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയിൽ മോഷണത്തിന് തയാറാക്കിയ പ്ലാനും മറ്റും പിടിച്ചെടുത്തു. തുടർന്ന് ഇവർ കയറിയ വിമാനം പുറപ്പെടുന്നതിന് നിമിഷങ്ങൾക്കുമുമ്പ് അറസ്റ്റ് ചെയ്യുകയും കൊള്ളയടിച്ച ആഭരണം കണ്ടെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

