ഡ്രൈവിങ്ങിൽ പുരുഷന്മാരേക്കാൾ മികവ് വനിതകൾക്കെന്ന് സർവേ
text_fieldsറോഡ് സേഫ്റ്റി യു.എ.ഇയാണ് സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടത്ദുബൈ: സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിലും റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിലും യു.എ.ഇയിലെ വനിത ഡ്രൈവർമാർ പുരുഷന്മാരേക്കാൾ ജാഗ്രത പുലർത്തുന്നതായി സർവേ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച്, റോഡ് സേഫ്റ്റി യു.എ.ഇയാണ് നിർദ്ദിഷ്ട സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. യു.എ.ഇ റോഡ് സുരക്ഷ മോണിറ്റർ ആണ് ആറുവർഷം നീണ്ട നിരീക്ഷണ-ഗവേഷണ ഫലമായി ഡാറ്റ വേർതിരിച്ചെടുത്തിരിക്കുന്നത്. അപകടങ്ങൾ വരുത്തുന്നതിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം കുറവാണ്. നിയന്ത്രിത വേഗതയിൽ സുരക്ഷിതമായ ഡ്രൈവിങ് നടത്തുന്ന സ്ത്രീകൾ പലപ്പോഴും വാഹനമോടിക്കുമ്പോൾ പാലിക്കേണ്ടുന്ന നിയമങ്ങൾ കർശനമായി പിന്തുടരുന്നതായും പഠനം വ്യക്തമാക്കുന്നു.
വനിത ഡ്രൈവർമാർക്ക് അവരുടെ ഡ്രൈവിങ് പെരുമാറ്റത്തോടുള്ള വിലമതിപ്പ് പലപ്പോഴും ലഭിക്കാറില്ല. ലിംഗപരമായ മുൻവിധി ഇതിൽ പങ്കുവഹിക്കുന്നതായി തോന്നുന്നു. എന്നിരുന്നാലും, സുരക്ഷിതമായ ഡ്രൈവിങ്ങിെൻറ നിർണായക തലങ്ങളിൽ യു.എ.ഇ വനിത ഡ്രൈവർമാരുടെ പെരുമാറ്റം വിശകലനം ചെയ്യുമ്പോൾ മൊത്തത്തിൽ കൂടുതൽ ശ്രദ്ധാപൂർവമായ മനോഭാവം കാണാൻ കഴിയും -റോഡ് സേഫ്റ്റി യു.എ.ഇയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡൽമാൻ പറഞ്ഞു. 2020ൽ പുരുഷന്മാരുമായി താരതമ്യപ്പെടുമ്പോൾ അപകടമുണ്ടാക്കിയ വനിതകളുടെ എണ്ണം വളരെ കുറവാണ്. കഴിഞ്ഞവർഷം നടത്തിയ സർവേ കണക്കുകൾ പ്രകാരം ആറുമാസത്തിനിടെ വെറും നാലു ശതമാനം വനിതകളാണ് അപകടത്തിനിടയാക്കിയത്. ട്രാക്കുകൾ മാറ്റുമ്പോഴും പുറത്തുകടക്കുമ്പോഴും ഒരു ഹൈവേയിലേക്ക് ചേരുമ്പോഴും ജങ്ഷനിൽ തിരിയുമ്പോഴും മൊത്തം 71 ശതമാനം സ്ത്രീകളും സൂചകങ്ങൾ കൃത്യമായി ഉപയോഗിക്കുന്നു.
ഇക്കാര്യങ്ങളിൽ പുരുഷന്മാരുടെ ജാഗ്രത 65 ശതമാനമാണ്. 94 ശതമാനം വനിതാ ഡ്രൈവർമാരും സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നതിെൻറ പ്രാധാന്യം നന്നായി മനസ്സിലാക്കുന്നു. 91 ശതമാനം പേരാണ് പുരുഷന്മാർക്കിടയിൽ ഇതു ശ്രദ്ധിക്കുന്നത്. യാത്രക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാര്യത്തിലും വനിതകൾ തന്നെയാണ് കൃത്യമായ നിയമങ്ങൾ പിന്തുടരുന്നത്. 36 ശതമാനം പുരുഷന്മാർ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ 23 ശതമാനം വനിതകൾ മാത്രമാണ് ഇത്തരത്തിൽ അശ്രദ്ധയിലേക്ക് വഴിമാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

