ജെ.എസ്.കെ റിലീസിനായി പൊതുജനം അറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നു; സെൻസറിങ് വേണമെന്ന് തോന്നിയിട്ടില്ലെന്നും സുരേഷ് ഗോപി
text_fieldsജെ.എസ്.കെ സിനിമയുടെ റിലീസിങ്ങുമായി ബന്ധപ്പെട്ട് ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ നടൻ സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കുന്നു
ദുബൈ: സെൻസർ ബോർഡിന്‍റെ നടപടി മൂലം വിവാദത്തിലായ ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ) സിനിമയുടെ റിലീസിനു വേണ്ടി പൊതുജനം അറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി കേന്ദ്ര സഹമന്ത്രിയും സിനിമയിലെ നായകനുമായ സുരേഷ് ഗോപി.
സിനിമയുടെ നിർമാതാവോ, മാധ്യമപ്രവർത്തകരോ, പൊതുജനമോ അറിയാൻ പാടില്ലാത്ത തരത്തിൽ ഉന്നത തലത്തിൽ ചർച്ച ചെയ്ത് ചില തിരുത്തലുകളിലേക്ക് നയിക്കുന്നതിന് സുഹൃത്തുക്കളായ പ്രധാന നേതാക്കളുമായി ചേർന്ന് ഒരു ഇടപെടൽ നടത്തിയിട്ടുണ്ട്. എന്നാൽ, വിഷയത്തിൽ മന്ത്രി എന്ന നിലയിൽ ഒരു ഔദ്യോഗിക സംവിധാനത്തിലും ഇടപെടുകയോ, സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിൽ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
മന്ത്രി എന്ന നിലയിൽ ഞാൻ ഇടപെട്ടിരുന്നെങ്കിൽ അത് അഴിമതിയായാണ് എല്ലാവരും വിലയിരുത്തുക. സിനിമയിൽ സെൻസറിങ് വേണമെന്ന് തോന്നിയിട്ടില്ല. 96 ഇടങ്ങളിൽ സെൻസറിങ് വേണ്ടിവരുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ, രണ്ടിടത്ത് മാത്രമാണ് സെൻസറിങ് നടത്തിയത്. ഇതൊരു പ്രോപഗണ്ട സിനിമ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരമൊരു വിവാദം ഉണ്ടാക്കിയതെന്ന ആരോപണം തെറ്റാണെന്ന് സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു.
സിനിമയുടെ ചിത്രീകരണം പൂർത്തിയായി റിലീസിങ്ങിന്‍റെ തൊട്ടു മുമ്പ് മാത്രമാണ് ഇത്തരമൊരു വിവാദമുണ്ടായത്. അത് ഒരിക്കലും വിചാരിച്ചതല്ല. സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് അതെന്ന് പറയുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

